തൃശ്ശൂർ: വിയ്യൂർ ജില്ലാ ജയിലിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിമാൻഡ് പ്രതി മരണപ്പെട്ടു. തൃശ്ശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബു (34) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26-നായിരുന്നു ഇദ്ദേഹം ജയിലിനുള്ളിൽ കുഴഞ്ഞുവീണത്. മരണപ്പെട്ട രേഷ് ബാബുവിന്റെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റതിന് സമാനമായ പാടുകളുണ്ടെന്ന് പിതാവ് ആരോപിച്ചതോടെ പോലീസ് പ്രതിക്കൂട്ടിലാവുകയാണ്. ഇതിനുപുറമെ, രേഷ് ബാബു 50 ശതമാനത്തിലേറെ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക മെഡിക്കൽ സർട്ടിഫിക്കറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ഒരാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുമ്പോൾ പാലിക്കേണ്ട നിയമപരമായ യാതൊരുവിധ നടപടിക്രമങ്ങളും പോലീസ് പാലിച്ചില്ലെന്ന് സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ കുറ്റപ്പെടുത്തി.
മാനസിക വൈകല്യമുള്ളവർക്ക് സർക്കാർ നൽകുന്ന പ്രത്യേക പെൻഷൻ കൈപ്പറ്റിയിരുന്ന ആളായിരുന്നു രേഷ് ബാബു. കഴിഞ്ഞ മാസം 17-നാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ നഗരത്തിൽ ഒരാളെ തടഞ്ഞുനിർത്തി പണം കവർന്നുവെന്ന കേസിലായിരുന്നു അറസ്റ്റ്. നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് വാദം. എന്നാൽ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ രേഷ് ബാബു റോഡിൽ താഴെ വീണുകിടന്ന എന്തോ എടുക്കുന്നതായി മാത്രമാണ് കാണുന്നതെന്നും കവർച്ചയിൽ പങ്കില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് പോലീസ് രേഷ് ബാബുവിന്റെ കുടുംബത്തെ വിവരം അറിയിച്ചത്. പിതാവ് ബാബു ഉടൻ തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി മകൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ബോധിപ്പിച്ചെങ്കിലും, ‘സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് കോടതിയിൽ കാണിച്ചോളൂ’ എന്ന നിരുത്തരവാദപരമായ മറുപടിയാണ് പോലീസ് നൽകിയത്. പ്രതിക്ക് ഇത്തരമൊരു ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്ന വിവരം കോടതിയെ ധരിപ്പിക്കാൻ പോലും പോലീസ് തയ്യാറായില്ല. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ചയെക്കുറിച്ചും ജയിൽ കസ്റ്റഡിയിലെ മരണത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

