ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച റിപ്പോർട്ട് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചു.
കേസിലെ സാഹചര്യങ്ങളും പരിക്കുകളുടെ ഗൗരവവും വിലയിരുത്തിയാണ് കൂടുതൽ കർശനമായ കുറ്റവിഭാഗങ്ങൾ ഉൾപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാതിരിക്കാൻ നരഹത്യാക്കുറ്റം ഉൾപ്പെടുത്തിയതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ഗൺമാൻ അനിൽകുമാർ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസുകാരായ എസ്. സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചു. സംഭവത്തിൽ ഗുരുതരമായ ചട്ടലംഘനമുണ്ടായതായി കണ്ടെത്തിയ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി), ശക്തമായ വകുപ്പുതല നടപടി ശുപാർശ ചെയ്തതിനെ തുടർന്നായിരുന്നു സസ്പെൻഷൻ.
അതേസമയം, തങ്ങൾ ഔദ്യോഗിക കർത്തവ്യ നിർവഹണത്തിന്റെ ഭാഗമായാണ് ഇടപെട്ടതെന്നാണ് പ്രതികളായ ഉദ്യോഗസ്ഥരുടെ നിലപാട്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ അടുത്തെത്തുകയും സുരക്ഷാഭീഷണി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അവർ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണയും വ്യക്തിവിരോധവും ഉണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇടപെട്ടതെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

