വാർത്ത:
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) സയന്റിസ്റ്റ് ബി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 243 ഒഴിവുകളാണുള്ളത്. അപേക്ഷകൾ ഏപ്രിൽ 24 വരെ ഓൺലൈനായി സമർപ്പിക്കാം.
കമ്പ്യൂട്ടർ സയൻസ് & ഐ.ടി വിഭാഗത്തിൽ 168, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ വിഭാഗത്തിൽ 25, ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിൽ 50 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് ‘എ’ (എസ് & ടി) ഗസറ്റ് തസ്തികയായ ഈ നിയമനത്തിന് 56,100 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പളനിരക്കാണ്.
ബന്ധപ്പെട്ട വിഷയങ്ങളിൽ ബി.ഇ/ബി.ടെക്/എം.എസ്‌സി/എം.സി.എ/എം.എ/എം.ടെക്/എം.ഫിൽ ബിരുദവും സാധുവായ GATE സ്കോറും ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം നിർബന്ധമല്ല. 2026 മാർച്ച് 31നുള്ളിൽ 30 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവുകൾ ലഭിക്കും.
അപേക്ഷാഫീസ് 800 രൂപയാണ്. സ്ത്രീകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്കും ഫീസിൽ ഇളവുണ്ട്. GATE സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് അഭിമുഖവും അക്കാദമിക് മെറിറ്റും പരിഗണിച്ചായിരിക്കും അന്തിമ നിയമനം.
കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

