Home Top Stories‘ഇനി ചര്‍ച്ചയില്ല, തീരുമാനം ഉടന്‍’; ഹൈക്കമാൻഡ് പ്രഖ്യാപനത്തിനായി കേരളം ഉറ്റുനോക്കുന്നു

‘ഇനി ചര്‍ച്ചയില്ല, തീരുമാനം ഉടന്‍’; ഹൈക്കമാൻഡ് പ്രഖ്യാപനത്തിനായി കേരളം ഉറ്റുനോക്കുന്നു

by news_desk
0 comments

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല. പറയാനുള്ള കാര്യങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങളിലെ ചേരിതിരിഞ്ഞുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരണത്തിന് എടുത്ത സമയത്തെ അപേക്ഷിച്ച് കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ വേഗത്തിലാണ് നടക്കുന്നത്. ചര്‍ച്ചകള്‍ നീളുന്നത് ജനാധിപത്യ രീതിയുടെ ഭാഗമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജനവിധി വന്ന് എട്ടാം ദിവസവും പ്രഖ്യാപനം വൈകുന്നതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെങ്കിലും ഹൈക്കമാന്‍ഡ് അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശനുവേണ്ടി മുസ്ലിം ലീഗ് നടത്തുന്ന ശക്തമായ ഇടപെടലുകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുള്ളതായാണ് സൂചന. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലെ അതിരുവിട്ട ഇടപെടലായി ഇതിനെ കേന്ദ്ര നേതൃത്വം കാണുന്നുണ്ടെങ്കിലും ഘടകകക്ഷികളുമായി പരസ്യമായ ഏറ്റുമുട്ടലിന് ഹൈക്കമാന്‍ഡ് തയ്യാറല്ല. മുതിര്‍ന്ന നേതാക്കളെയും ഘടകകക്ഷികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഫോര്‍മുല തയ്യാറാക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ഇന്നോ നാളെയോ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

You may also like