Home Top Storiesസീമാറ്റിൽ നിയമനവിവാദം കത്തുന്നു; അപേക്ഷ ക്ഷണിക്കാതെ 12 പേർക്ക് നിയമനം

സീമാറ്റിൽ നിയമനവിവാദം കത്തുന്നു; അപേക്ഷ ക്ഷണിക്കാതെ 12 പേർക്ക് നിയമനം

by news_desk1
0 comments

തിരുവനന്തപുരം: അപേക്ഷ ക്ഷണിക്കാതെ ബയോഡേറ്റ വാങ്ങി നിയമനം നടത്തിയെന്ന ആരോപണത്തിൽ സീമാറ്റ് കേരളം വീണ്ടും വിവാദത്തിൽ. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സ്ഥാപനത്തിൽ 12 പേരെ ഇത്തരത്തിൽ നിയമിച്ചതായാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് കൂടുതൽ നിയമനങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നത്.

റിസർച്ച് ഓഫീസർ തസ്തികയിൽ അഞ്ചുപേർക്കും അസിസ്റ്റന്റ് തസ്തികയിൽ നാലുപേർക്കും അറ്റൻഡർ തസ്തികയിൽ മൂന്നുപേർക്കുമാണ് നിയമനം ലഭിച്ചത്. നിയമനം നേടിയവർക്കെല്ലാം കോൺഗ്രസ്–ലീഗ് ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിയമനങ്ങൾ നടന്ന കാര്യം സീമാറ്റ് ഡയറക്ടർ ആർ. അരുണ്‍കുമാറും സമ്മതിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ റിസർച്ച് ഓഫീസർ തസ്തികയിലാണ് നിയമനം ലഭിച്ചത്. അപേക്ഷ ക്ഷണിക്കാതെ ബയോഡേറ്റ വാങ്ങിയാണ് നിയമനം നടത്തിയതെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം.

ഒഴിവ് വന്ന സമയത്ത് ലഭിച്ച ബയോഡേറ്റയിൽനിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് സീമാറ്റ് അധികൃതരുടെ വിശദീകരണം. എന്നാൽ, നിയമനങ്ങളിലെ ചട്ടലംഘന ആരോപണം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഷെഫീറിന്റെ ഭാര്യയുടെ നിയമന വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം സീമാറ്റ് തേടിയിട്ടുണ്ട്. ചട്ടവിരുദ്ധമായി നിയമനം നടന്ന സാഹചര്യത്തിൽ ഇവരെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണമോയെന്നാണ് വകുപ്പ് അധികൃതരോട് ആരാഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ച ആർ. അരുണ്‍കുമാറാണ് സീമാറ്റ് കേരള ഡയറക്ടർ.

You may also like