‘സഹനം മതി. ശബ്ദമുയർത്താനുള്ള സമയമായി.‘
ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസ് രൂപീകരിച്ച ‘സ്പീക്ക് അപ്പ്’ സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ സന്ദേശം ഇതാണ്. ഒരു പൊലീസ് സംവിധാനത്തിന്റെ പ്രഖ്യാപനം മാത്രമല്ലിത്. വീടിനുള്ളിലെ അതിക്രമങ്ങളെ ‘കുടുംബകാര്യം’ എന്ന പേരിൽ മറച്ചുവയ്ക്കുന്ന സാമൂഹിക മനോഭാവത്തിനെതിരെയുള്ള ശക്തമായ ഇടപെടലായി ഇത് മാറണം. സാക്ഷരതയിലും സാമൂഹിക പുരോഗതിയിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ സ്ത്രീകൾ സ്വന്തം വീടുകളിൽ പോലും സുരക്ഷിതരല്ലെന്ന യാഥാർഥ്യം ഏറെ ലജ്ജാകരമാണ്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ഗാർഹിക അതിക്രമങ്ങളും സംബന്ധിച്ച പരാതികൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ, ഓരോ പരാതിക്കും പിന്നിൽ തകർന്നുപോകുന്ന ഒരു ജീവിതമുണ്ടെന്ന സത്യം ഭരണകൂടവും സമൂഹവും മറക്കരുത്. ഒരു വാർത്തയായി അവസാനിക്കുന്ന സംഭവം, ഒരു കുടുംബത്തിന്റെ ജീവിതകാല വേദനയായിരിക്കാം. പിങ്ക് പൊലീസ്, ജാഗ്രതാ സമിതികൾ, സഖി വൺ സ്റ്റോപ്പ് സെന്റർ, മിത്ര 181 ഹെൽപ്പ് ലൈൻ തുടങ്ങി നിരവധി സംവിധാനങ്ങൾ നിലവിലുണ്ടായിട്ടും സ്ത്രീകൾക്ക് ഭയമില്ലാതെ പരാതി പറയാൻ കഴിയാത്ത സാഹചര്യം തുടരുന്നുവെങ്കിൽ, പ്രശ്നം സംവിധാനങ്ങളുടെ എണ്ണത്തിലല്ല; അവയുടെ സമീപനത്തിലാണ്. അവിടെയാണ് ‘സ്പീക്ക് അപ്പ്’ പ്രസക്തമാകുന്നത്. പൊലീസ് സ്റ്റേഷന്റെ ഔപചാരികവും പലപ്പോഴും ഭയപ്പെടുത്തുന്നതുമായ അന്തരീക്ഷത്തിൽനിന്ന് മാറി, ഇരയുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ആത്മാഭിമാനത്തിനും പ്രഥമ പരിഗണന നൽകുന്ന സംവിധാനം വേണം. ഒരു സഹോദരിയോടോ സുഹൃത്തിനോടോ മനസുതുറന്ന് സംസാരിക്കുന്നതുപോലെ പരാതി പറയാൻ കഴിയുന്ന സുരക്ഷിതമായ ഇടമാകണം സ്പീക്ക് അപ്പ്. ഭയന്ന് ശബ്ദമടക്കുന്നവരുടെ ശബ്ദമാകുക എന്നതാകണം ഈ സംവിധാനത്തിന്റെ യഥാർഥ ദൗത്യം. ഗാർഹിക പീഡനം ശരീരത്തെ മാത്രമല്ല, മനസ്സിനെയും ആത്മവിശ്വാസത്തെയും തകർക്കുന്ന നിശ്ശബ്ദ കൊലയാളിയാണ്. അതിനെതിരെ നിയമനടപടി അനിവാര്യമാണ്. എന്നാൽ അറസ്റ്റ് ചെയ്യുന്നതിലും കേസ് എടുക്കുന്നതിലും ശിക്ഷ ഉറപ്പാക്കുന്നതിലും മാത്രം ദൗത്യം അവസാനിക്കുന്നില്ല. പീഡനത്തിൽനിന്ന് പുറത്തുവരുന്ന സ്ത്രീക്ക് സുരക്ഷിതമായി ജീവിക്കാനും സാമ്പത്തികമായി സ്വതന്ത്രയാകാനും മാനസികമായി അതിജീവിക്കാനും കഴിയുന്ന സാഹചര്യം കൂടി സർക്കാർ ഉറപ്പാക്കണം. കേരളത്തിലെ ഓരോ പൊലീസ് സ്റ്റേഷനിലും ഗാർഹിക പീഡന പരാതികൾക്ക് പ്രഥമ പരിഗണന നൽകണം. ‘കുടുംബ പ്രശ്നമാണ്, ഒത്തുതീർപ്പാക്കാം‘ എന്ന പഴയ പൊലീസ് സമീപനം അവസാനിക്കണം. ഒത്തുതീർപ്പ് എന്ന പേരിൽ ഇരയെ വീണ്ടും അതേ പീഡനാന്തരീക്ഷത്തിലേക്ക് തിരിച്ചയക്കുന്ന രീതികൾക്ക് വിരാമമിടണം. പരാതി നൽകുന്ന സ്ത്രീയുടെ സുരക്ഷയാണ് ഒന്നാമത്; കുടുംബത്തിന്റെ ‘മാനം’ അല്ല. സ്പീക്ക് അപ്പിന്റെ സബ് സെന്ററുകൾ കേരളത്തിലുടനീളം വ്യാപിപ്പിക്കേണ്ടതും അത്യാവശ്യമാണ്. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും തീരദേശങ്ങളിലും സ്ത്രീകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സഹായകേന്ദ്രങ്ങൾ ഉണ്ടാകണം. നിയമസഹായം, കൗൺസലിങ്, അടിയന്തര സംരക്ഷണം, പുനരധിവാസം, തൊഴിൽ സഹായം എന്നിവ ഒരു ഏകീകൃത സംവിധാനത്തിന്റെ ഭാഗമാകണം. സ്ത്രീയെ സംരക്ഷിക്കേണ്ടത് പൊലീസ് മാത്രം അല്ല. കുടുംബം, വിദ്യാലയം, സമൂഹം, മത–സാമൂഹിക സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, മാധ്യമങ്ങൾ-എല്ലാവരും ചേർന്നുള്ള സാംസ്കാരിക ഇടപെടലാണ് വേണ്ടത്. സ്ത്രീയെ സ്വത്തായും കുടുംബത്തിന്റെ ‘അഭിമാന’മായും കാണുന്ന മനോഭാവം മാറാതെ ഗാർഹിക പീഡനം പൂർണമായി അവസാനിപ്പിക്കാനാവില്ല. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്‘ സ്ത്രീ എത്തിയെന്ന് അഭിമാനിക്കുമ്പോൾ, ആ സ്ത്രീയുടെ കണ്ണുനീർ അടുക്കളയുടെ ചുവരുകൾക്കുള്ളിൽ തന്നെ ഒളിച്ചുപോകുന്നുണ്ടോ എന്ന് കൂടി സമൂഹം ചോദിക്കണം. പുറംലോകത്ത് അവൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും വീട്ടിനുള്ളിൽ അവളുടെ ശബ്ദം അടിച്ചമർത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിക്കണം. സ്പീക്ക് അപ്പ് ഒരു ടാസ്ക് ഫോഴ്സ് മാത്രമായി ഒതുങ്ങരുത്. അത് ഒരു സാമൂഹിക മുന്നേറ്റമായി മാറണം. ഭയന്ന് മിണ്ടാതിരിക്കുന്ന ഓരോ സ്ത്രീക്കും-‘നിങ്ങൾ ഒറ്റയ്ക്കല്ല‘ എന്ന ഉറപ്പ് നൽകുന്ന സംവിധാനമാകണം അത്. നിശബ്ദതയ്ക്ക് ചുവരുകളുണ്ട്. ആ ചുവരുകൾ നിയമംകൊണ്ടും കരുതൽകൊണ്ടും സാമൂഹിക ബോധംകൊണ്ടും പൊളിച്ചേ മതിയാകൂ.
2
