വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിർദേശങ്ങളോട് ഇറാൻ നൽകിയ മറുപടി പൂർണമായും അസ്വീകാര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പ്രതികരണം തനിക്ക് തൃപ്തികരമല്ലെന്നും അമേരിക്കയെ വർഷങ്ങളായി ഇറാൻ വഞ്ചിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ച ട്രംപ്, “ഇറാന്റെ പ്രതിനിധികൾ നൽകിയ മറുപടി ഞാൻ വായിച്ചു. അത് എനിക്ക് ഒട്ടും അംഗീകരിക്കാനാകുന്നതല്ല” എന്ന് വ്യക്തമാക്കി. ഇറാനെതിരായ തുടർനടപടികൾ സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.
ഉപരോധങ്ങൾ പിൻവലിക്കണമെന്നും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉറപ്പുകൾ വേണമെന്നുമുള്ള ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. കൂടാതെ, അമേരിക്ക ഇനി ആക്രമണം നടത്തില്ലെന്ന് രേഖാമൂലം ഉറപ്പുനൽകിയാൽ യുറേനിയം സമ്പുഷ്ടീകരണം നിശ്ചിത കാലത്തേക്ക് നിർത്തിവെക്കാമെന്നും, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകിയാൽ ആണവചർച്ചകൾ പുനരാരംഭിക്കാമെന്നും ഇറാൻ നിർദേശിച്ചു.
എന്നാൽ ഈ ഉപാധികൾ എല്ലാം ഇറാനെ കൂടുതൽ ശക്തിപ്പെടുത്താനാണ് സഹായിക്കുകയെന്നാണ് ട്രംപിന്റെ വിമർശനം. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോരാട്ടം കൂടുതൽ രൂക്ഷമാകുകയാണ്.

