കൊച്ചി: ഒഡീഷയിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിനെതിരെ കൊച്ചി സിറ്റി പൊലീസിന്റെ വൻ നടപടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം കലൂരിൽനിന്ന് 30 കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ ഹായി മുല്ല (22) പിടിയിലായി. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 50 ലക്ഷം രൂപ വിലവരുമെന്നാണ് പൊലീസിന്റെ കണക്ക്.
ഒഡീഷയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിലെ മൊത്തവിതരണക്കാർക്ക് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിൽനിന്ന് കഞ്ചാവ് വാങ്ങിയശേഷം വിജയവാഡയിലെത്തി ട്രെയിൻ മാറിക്കയറി എറണാകുളം ജങ്ഷനിലെത്തിയ പ്രതി, വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്നപ്പോഴാണ് പിടിയിലായത്. ഈ ഇടപാടിലൂടെ സംഘം ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആർക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷിച്ചുവരികയാണ്.
കുറച്ചുനാളായി പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രതിയെ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഡെപ്യൂട്ടി കമ്മീഷണർമാരായ മോഹിത് റാവത്ത്, അരുൺ പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
പ്രതിയെയും പിടിച്ചെടുത്ത കഞ്ചാവും എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
