Home Entertainmentദേശീയ പുരസ്‌കാര ജേതാവ് വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ‘ഓട്ടം തുള്ളൽ’ ടീം; വീട്ടിലെത്തി അനുമോദനം

ദേശീയ പുരസ്‌കാര ജേതാവ് വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ‘ഓട്ടം തുള്ളൽ’ ടീം; വീട്ടിലെത്തി അനുമോദനം

by news_desk1
0 comments

മികച്ച പിന്നണി ഗായികയ്ക്കുള്ള 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ‘ഓട്ടം തുള്ളൽ’ സിനിമയുടെ അണിയറ പ്രവർത്തകർ. വൈക്കത്തെ വിജയലക്ഷ്മിയുടെ വസതിയിലെത്തിയാണ് സംവിധായകൻ ജി. മാർത്താണ്ഡൻ, നടൻ ഹരിശ്രീ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചത്.

ചിത്രത്തിൽ വൈക്കം വിജയലക്ഷ്മി ആലപിച്ച മനോഹരമായ ഗാനത്തെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് പിന്നാലെ തന്നെ വിജയലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സിനിമയിലെ ആ ഗാനത്തിനും പ്രേക്ഷക അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ട് എത്തി ആശംസകൾ അറിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഹരിശ്രീ അശോകനും വ്യക്തമാക്കി. നടൻ ജെറോം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹിരൺ, ഡിസ്ട്രിബ്യൂട്ടർ ദീപക് ദിനേശ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്താണ്. ബിനു ശശിറാം രചന നിർവഹിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കുന്ന സമ്പൂർണ കോമഡി എന്റർടെയ്‌നറായാണ് ചിത്രം എത്തുന്നത്.

പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു., കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ചാ ദിൻ, പൃഥ്വിരാജ് നായകനായ പാവാട, കുഞ്ചാക്കോ ബോബൻ ചിത്രം ജോണി ജോണി യെസ് അപ്പ, റോഷൻ മാത്യു–ഷൈൻ ടോം ചാക്കോ ചിത്രം മഹാറാണി എന്നിവയ്ക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ‘ഓട്ടം തുള്ളൽ’.

ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ഛായാഗ്രഹണം പ്രദീപ് നായർ, സംഗീതം രാഹുൽ രാജ്, എഡിറ്റിംഗ് ജോൺകുട്ടി, ആർട്ട് സുജിത് രാഘവ് എന്നിവരാണ്. ഗാനരചന ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവർ നിർവഹിക്കുന്നു.

You may also like