കൊച്ചി: കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ വിവാദത്തിൽ ഒത്തുതീർപ്പ്. കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ ധാരണയായതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
ധാരണപ്രകാരം പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ അധിക ശമ്പളം നൽകും. നേരത്തെ നൽകിയിരുന്ന രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് ഈ അഞ്ച് മാസത്തെ ശമ്പളം കൂടി ലഭിക്കുക. ഇതോടെ ആകെ ഏഴ് മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ലഭിക്കുക. ജൂലൈ 26-നകം തുക വിതരണം ചെയ്യുമെന്ന് കമ്പനി ഉറപ്പുനൽകിയതായി മന്ത്രി അറിയിച്ചു.
കൂടാതെ, മറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനാവശ്യമായ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിംഗ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും കമ്പനി ജീവനക്കാർക്ക് കൈമാറുമെന്നും തീരുമാനമായി.
ചർച്ചയിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും പങ്കെടുത്തു.
ധാരണയിൽ തൃപ്തരാണെന്ന് ജീവനക്കാർ പ്രതികരിച്ചു. ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച പരിഹാരമാണ് ലഭിച്ചതെന്നും സർക്കാരിന്റെ ഇടപെടലും ഇച്ഛാശക്തിയുമാണ് ഈ തീരുമാനത്തിന് വഴിയൊരുക്കിയതെന്നും അവർ പറഞ്ഞു. അഞ്ച് മാസത്തെ അധിക ശമ്പളം ലഭിക്കുന്നതിലൂടെ പുതിയ തൊഴിൽ കണ്ടെത്താൻ ആവശ്യമായ സമയം ലഭിക്കുമെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.

