Home Top Stories‘ദുരന്തബാധിതരുടെ സ്വകാര്യത പിആർ വർക്കിന് ഉപയോഗിക്കരുത്; സർക്കാർ വീട് നൽകാൻ വൈകിയത് ഖേദകരം’: പി.കെ കുഞ്ഞാലിക്കുട്ടി

‘ദുരന്തബാധിതരുടെ സ്വകാര്യത പിആർ വർക്കിന് ഉപയോഗിക്കരുത്; സർക്കാർ വീട് നൽകാൻ വൈകിയത് ഖേദകരം’: പി.കെ കുഞ്ഞാലിക്കുട്ടി

by news_desk
0 comments

മലപ്പുറം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ സ്വകാര്യത സർക്കാർ പിആർ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കരുതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ദുരന്തബാധിതർക്ക് നൽകിയ വാക്ക് ലീഗ് പാലിച്ചുവെന്നും ആത്മാർത്ഥമായി ശ്രമിച്ചാൽ ഏത് കാര്യവും നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച കമ്പനികളെ ഉൾപ്പെടുത്തിയാണ് ദുരന്തബാധിതർക്കായുള്ള വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് വീടുകളുടെ നിർമ്മാണം നടന്നത്. ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് തങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മികച്ച നിലവാരത്തിൽ വീടുകൾ പൂർത്തിയാക്കാൻ സാധിച്ചു. ചാരിറ്റി പ്രവർത്തനങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല. എല്ലാവരും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കണമെന്നും ന്യൂനപക്ഷ വർഗീയത ഉണ്ടാകരുതെന്ന ഉറച്ച ബോധ്യം പാർട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിൽ സർക്കാരിന്റെ പദ്ധതിയുമായി സഹകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സർക്കാർ നടപടികൾ അകാരണമായി നീണ്ടുപോകുകയാണെന്ന് മനസ്സിലായതോടെയാണ് സ്വന്തം നിലയ്ക്ക് പദ്ധതിയുമായി മുന്നോട്ടുപോയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള ഫണ്ട് സർക്കാരിന് നൽകിയിരുന്നു. കർണാടക സർക്കാർ നൽകിയ 20 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. എല്ലാവരും സഹകരിച്ചിട്ടും നിശ്ചിത കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചില്ല. കയ്യിൽ ഫണ്ട് ഉണ്ടായിട്ടും ദുരന്തബാധിതർക്ക് വീട് നൽകാൻ ഇത്രയും വൈകിയത് വലിയ വീഴ്ചയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

You may also like