Home Top Storiesപ്രതിപക്ഷ നേതാവായി പിണറായി വിജയൻ; നിയമസഭയിൽ വീണ്ടും വി.ഡി. സതീശനുമായി നേർക്കുനേർ

പ്രതിപക്ഷ നേതാവായി പിണറായി വിജയൻ; നിയമസഭയിൽ വീണ്ടും വി.ഡി. സതീശനുമായി നേർക്കുനേർ

by news_desk1
0 comments

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃപദവിയിലെത്തുന്നത്. തിരുവനന്തപുരത്ത് ചേർന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐഎം പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത്. ഇതോടെ നിയമസഭയിൽ വീണ്ടും വി.ഡി. സതീശനും പിണറായി വിജയനും നേർക്കുനേർ എത്തും. എന്നാൽ ഇത്തവണ ഇരുവരുടെയും സ്ഥാനങ്ങളിൽ മാറ്റമുണ്ടാകും.

പത്ത് വർഷം സംസ്ഥാന ഭരണം നയിച്ച ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷ നിരയിലേക്ക് എത്തുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സഭയിലും പുറത്തും ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. യുഡിഎഫ് 102 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എൽഡിഎഫിന് 35 സീറ്റുകളും എൻഡിഎയ്ക്ക് ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകളും ലഭിച്ചു.

യുഡിഎഫിൽ കോൺഗ്രസ് 63, മുസ്ലിം ലീഗ് 22, കേരള കോൺഗ്രസ് 7, ആർഎസ്പി 3, ആർഎംപി 1, കേരള കോൺഗ്രസ് ജേക്കബ് 1, സിഎംപി 1, സ്വതന്ത്രർ 4 എന്നിങ്ങനെയാണ് സീറ്റ് നില. എൽഡിഎഫിൽ സിപിഐഎം 26, സിപിഐ 8, ആർജെഡി 1 സീറ്റുകൾ നേടി. നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്.

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മന്ത്രിസഭയിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. പി. രാജീവ്, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, ആർ. ബിന്ദു, വീണാ ജോർജ്, ഒ.ആർ. കേളു, കെ.ബി. ഗണേഷ്‌കുമാർ, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, വി. അബ്ദുറഹിമാൻ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് പരാജയപ്പെട്ടത്.

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവർ മാത്രമാണ് മന്ത്രിസഭയിൽ നിന്ന് വിജയിച്ചത്.

You may also like