Home Keralaഎ കെ ആന്റണിയെ സന്ദര്‍ശിച്ച് വി ഡി സതീശന്‍; ‘കേരളത്തിന്‍റെ സുവര്‍ണകാലമാകട്ടെ അടുത്ത അഞ്ച് വര്‍ഷം’

എ കെ ആന്റണിയെ സന്ദര്‍ശിച്ച് വി ഡി സതീശന്‍; ‘കേരളത്തിന്‍റെ സുവര്‍ണകാലമാകട്ടെ അടുത്ത അഞ്ച് വര്‍ഷം’

by news_desk1
0 comments

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. പിന്തുണയ്ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി നന്ദി അറിയിക്കാനാണ് സതീശന്‍ ആന്റണിയെ സന്ദര്‍ശിച്ചതെന്നാണ് വിവരം.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച എ കെ ആന്റണി, വി ഡി സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്‍റെ സുവര്‍ണകാലമാകട്ടെയെന്ന് ആശംസിച്ചു. വികസനത്തിലും ജനക്ഷേമത്തിലും കേരളത്തെ ദക്ഷിണേന്ത്യയിലെ മികച്ച സംസ്ഥാനമാക്കി മാറ്റാന്‍ സതീശന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും ആ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായും ആന്റണി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

2001ല്‍ താന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തോട് സാമ്യമുള്ള സാമ്പത്തിക സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പറഞ്ഞ ആന്റണി, തുടക്കത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കുപകരം കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി. ഭരണത്തിന്‍റെ ആദ്യഘട്ടത്തില്‍ സര്‍ക്കാരിന് ആവശ്യമായ സമയം ജനങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ആദ്യകാലത്ത് ആവേശത്തോടെ പിന്തുണക്കുന്നവര്‍ പിന്നീട് വിമര്‍ശനവുമായി രംഗത്തെത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

You may also like