തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിൽ മിനിബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറുപേരെ തേനി ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തമിഴ്നാട്ടിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിയ സംഘമാണ് മിനിബസിലുണ്ടായിരുന്നത്. പെരിയകനാൽ ഭാഗത്ത് വെച്ചാണ് നിയന്ത്രണം വിട്ട മിനിബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞത്.
വാഹനത്തിൽ ആകെ 28 പേരുണ്ടായിരുന്നു. ഇതിൽ 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.
അപകടത്തിന് പിന്നാലെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

