Home Kerala‘മാസപ്പടി’ കേസില്‍ പിണറായി വിജയനും പ്രതിപ്പട്ടികയിലേക്കെത്തും; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരാനുണ്ടെന്ന് മാത്യു കുഴല്‍നാടന്‍

‘മാസപ്പടി’ കേസില്‍ പിണറായി വിജയനും പ്രതിപ്പട്ടികയിലേക്കെത്തും; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരാനുണ്ടെന്ന് മാത്യു കുഴല്‍നാടന്‍

by news_desk1
0 comments

ഇടുക്കി: സി.എം.ആര്‍.എല്‍–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. സിബിഐ അന്വേഷണം നടന്നാല്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

വീണ സേവനമൊന്നും നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്നും, സി.എം.ആര്‍.എല്ലിന് യഥാര്‍ഥത്തില്‍ ലഭിച്ച സേവനം പിണറായി വിജയനില്‍ നിന്നാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് കമ്പനിക്ക് മുന്‍ സര്‍ക്കാര്‍ അനുകൂല തീരുമാനങ്ങള്‍ എടുത്തതായും അദ്ദേഹം പറഞ്ഞു.

“ഒരു സേവനവും ലഭിക്കാതെ കോടിക്കണക്കിന് രൂപ ഒരു സ്ഥാപനവും നല്‍കില്ല. ബാങ്ക് വഴിയുള്ള ഇടപാടുകളിലൂടെ പണം നിയമപരമായി ലഭിച്ചതായി കാണിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. സി.എം.ആര്‍.എല്ലിന് വിവിധ മേഖലകളില്‍ സര്‍ക്കാര്‍ തലത്തില്‍ അനുകൂല തീരുമാനങ്ങള്‍ ലഭിച്ചിരുന്നു,” എന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം.

ഭൂപരിധി നിയമപ്രകാരം തിരിച്ചുപിടിക്കേണ്ട ഭൂമിക്ക് ഇളവുകള്‍ അനുവദിച്ചതും കമ്പനിക്ക് അനുകൂലമായി തീരുമാനങ്ങളെടുത്തതും ആരുടെ താത്പര്യപ്രകാരമാണെന്ന് അദ്ദേഹം ചോദിച്ചു. സി.എം.ആര്‍.എല്ലിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയത് അന്നത്തെ സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

വീണ കമ്പനി ഡയറക്ടറായി നല്‍കിയ വിലാസം എ.കെ.ജി സെന്ററിന്റേതായിരുന്നുവെന്നും അതിനെക്കുറിച്ച് ആരും ചോദ്യം ചെയ്യുന്നില്ലെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു. ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളും നടപടികളും സി.പി.എമ്മിനുതന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

മകളുടെ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പിണറായി വിജയന് വ്യക്തമായി അറിയാമായിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും, കേസില്‍ സിബിഐ അന്വേഷണം വന്നാല്‍ അദ്ദേഹത്തിന്റെ പങ്കും പരിശോധിക്കപ്പെടുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

You may also like