കോതമംഗലം: ഗൂഗിൾ ലൊക്കേഷൻ പിന്തുടർന്ന് സഞ്ചരിച്ച കാർ വഴി തെറ്റി തോട്ടിൽ പതിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോതമംഗലം കീരമ്പാറയിൽ കള്ളാട് പാലത്തിന് സമീപമാണ് സംഭവം. കുറുപ്പംപടി സ്വദേശികളായ നാല് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.
വടാട്ടുപാറയിൽ നിന്ന് കുറുപ്പംപടിയിലേക്ക് ഞായറാഴ്ച രാത്രി യാത്ര ചെയ്യുന്നതിനിടെയാണ് ഗൂഗിൾ ലൊക്കേഷൻ പിന്തുടർന്ന കാർ വഴി തെറ്റി തോട്ടിലേക്ക് പതിച്ചത്. കാറിലുണ്ടായിരുന്ന നാലുപേരും നീന്തി കരയിലെത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ശക്തമായ മഴയെ തുടർന്ന് തോട് നിറഞ്ഞ് കവിഞ്ഞൊഴുകിയതിനാൽ കാർ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ഞായറാഴ്ച രാത്രി ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും മഴയും ശക്തമായ ഒഴുക്കും കാരണം ദൗത്യം താൽക്കാലികമായി നിർത്തിവെച്ചു.
തിങ്കളാഴ്ച രാവിലെ തിരച്ചിൽ വീണ്ടും ആരംഭിച്ച ഫയർഫോഴ്സ് വൈകിട്ട് നാല് മണിയോടെയാണ് കാർ കണ്ടെത്തിയത്. ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതായി അധികൃതർ അറിയിച്ചു.
കോതമംഗലം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ മുഹമ്മദ് അജ്മൽ ഷായുടെ നേതൃത്വത്തിൽ എ.എസ്.ടി.ഒ. സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുമിൽ, കെ.എൻ. ബിജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആൻസിൽ, ബേസിൽ, ഷാജി, അജിനാസ്, സായ് അനുരാഗ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

