കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ ഗതാഗതനിയമങ്ങള്‍ ലംഘിച്ച് തെറ്റായ ദിശയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് ഓടിച്ച സംഭവം വിവാദമാകുന്നു. കോഴിക്കോട് ബൈപ്പാസില്‍ നടന്ന സംഭവത്തില്‍ ഏകദേശം മൂന്ന് കിലോമീറ്ററോളം ബസ് റോംഗ് റൂട്ടിലൂടെ സഞ്ചരിച്ചതായി കണ്ടെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദേശീയപാത അതോറിറ്റിക്കും പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കൈമാറിയിട്ടുണ്ട്.
ഇക്കഴിഞ്ഞ നാലാം തീയതിയാണ് സംഭവം നടന്നത്. തൊണ്ടയാട് ഭാഗത്ത് നിന്ന് ദേശീയപാത ബൈപ്പാസിലേക്ക് പ്രവേശിച്ച ബസ് ടോള്‍ പ്ലാസയിലെത്തിയപ്പോള്‍ ഫാസ്റ്റാഗില്‍ ആവശ്യമായ ബാലന്‍സ് ഇല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ടോള്‍ അടയ്ക്കാതെ ബസ് തിരികെ മടങ്ങുകയായിരുന്നു. ദേശീയപാതയുടെ മധ്യഭാഗത്തുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ആദ്യം ബസ് തെറ്റായ ദിശയില്‍ സഞ്ചരിച്ചത്.
മറ്റ് വാഹനയാത്രികര്‍ പ്രതിഷേധം അറിയിച്ചതോടെ ബസ് പിന്നീട് സ്ലോ ട്രാക്കിലേക്ക് മാറ്റി. തുടര്‍ന്ന് കോഴിക്കോടന്‍ കിച്ചണ്‍സിന് സമീപത്തെ എക്‌സിറ്റിലൂടെ സര്‍വീസ് റോഡിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പിന്നീട് സര്‍വീസ് റോഡ് വഴി യാത്ര തുടരുകയായിരുന്നു.
ഫാസ്റ്റാഗില്‍ ബാലന്‍സ് ഇല്ലാതിരുന്നതാണ് നിയമലംഘനത്തിന് കാരണമെന്നാണ് പ്രാഥമിക വിശദീകരണം. യു.പി.ഐ. മുഖേന ടോള്‍ തുക അടച്ചിരുന്നെങ്കില്‍ 556.25 രൂപ നല്‍കേണ്ടിവരുമായിരുന്നു. സാധാരണ രീതിയില്‍ അടച്ചാല്‍ 445 രൂപ മാത്രമാണ് ഈടാക്കുക. ഡ്രൈവര്‍ സ്വന്തം നിലയില്‍ തുക അടച്ചാല്‍ പിന്നീട് തിരിച്ചുകിട്ടാനുള്ള വ്യക്തമായ സംവിധാനമില്ലാത്തതും ബസ് തിരിച്ചോടിക്കാന്‍ കാരണമായെന്നാണ് സൂചന.
സംഭവത്തെ തുടര്‍ന്ന് ആറുവരി ദേശീയപാതയിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ചതായി കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ കൈമാറാന്‍ ദേശീയപാത അതോറിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അമിതവേഗം, തെറ്റായ ദിശയിലുള്ള യാത്ര, ദേശീയപാതയില്‍ അനധികൃതമായി പ്രവേശിക്കുന്ന ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും, റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
