മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹ വിവരങ്ങൾ പുറത്തുവരുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ ഉന്നത സ്വാധീനമുള്ള ഒരാളുടെ ബിനാമിയാണെന്ന സൂചനകളാണ് ഉയരുന്നത്. സ്വാധീനമുള്ള വ്യക്തിക്കായി നൗഫലിന്റെ പേരിൽ സ്ഥലം വാങ്ങിയതാണെന്നാണ് റിപ്പോർട്ടുകൾ. മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് പ്രീമിയം ആയുർവേദ റിസോർട്ട് നിർമിക്കാനായിരുന്നു പദ്ധതിയെന്നും, അതിന്റെ രൂപരേഖയുടെ പകർപ്പ് പുറത്തുവന്നതായും റിപ്പോർട്ടുണ്ട്.
പരിസ്ഥിതിലോല മേഖലയായ സ്ഥലത്ത് അനധികൃത നിർമാണം നടത്താനായിരുന്നു ശ്രമമെന്നാണ് ലഭിക്കുന്ന വിവരം. മണ്ണെടുക്കുന്നതിനും പാറ പൊട്ടിക്കുന്നതിനും അനുമതി നൽകിയതിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് വീഴ്ച സംഭവിച്ചെന്നാണ് ആരോപണം. ഇതിനായി നഗരസഭയ്ക്കും ജിയോളജി വകുപ്പിനും നൽകിയ വിലാസ വിവരങ്ങളിലും വ്യക്തതക്കുറവുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2018-ലെ മണ്ണിടിച്ചിലിന് ശേഷം ഈ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവുണ്ടായിരുന്നുവെന്നാണ് വിവരം. വേങ്ങര കുന്നുംപുറം സ്വദേശിയായ ഒരു ക്വാറി ഉടമയും ഭൂമി ഇടപാടിൽ പങ്കാളിയായിരുന്നുവെന്ന സൂചനയും ഉയരുന്നുണ്ട്.
നൗഫൽ കടക്കാടന്റെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. ഷോപ്പിങ് കോംപ്ലക്സിനായാണ് നിർമാണാനുമതി തേടിയിരുന്നതെങ്കിലും, സ്ഥലത്ത് പ്രീമിയം ആയുർവേദ റിസോർട്ടാണ് നിർമിക്കാൻ പദ്ധതിയിട്ടിരുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതേ നൗഫലിന്റെ പേരിൽ മറ്റൊരു വിലാസം ഉപയോഗിച്ചും അപേക്ഷ നൽകിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവുണ്ടായിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രവൃത്തി തുടർന്നുവെന്ന ആരോപണവും ശക്തമാണ്.
അതേസമയം, മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന മേഖലയായതിനാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകുമോയെന്ന ആശങ്ക നിലനിൽക്കുന്നു. മണ്ണ് പൂർണമായി നീക്കം ചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഭീഷണി പൂർണമായും ഒഴിഞ്ഞെന്ന് ഉറപ്പായ ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം തീരുമാനമെടുക്കൂ.
സംഭവത്തിൽ പാറ പൊട്ടിക്കാൻ അനുമതി നൽകിയത് ജിയോളജി വകുപ്പാണെന്നും, മണ്ണെടുക്കാൻ അനുമതി നൽകുന്നതിൽ നഗരസഭാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും നഗരസഭാ ചെയർപേഴ്സൺ വിശദീകരിച്ചു.

