Home Keralaമലബാറിൽ ഏഴ് ദിവസം വൈദ്യുതി നിയന്ത്രണം; പവർഗ്രിഡ് സബ്സ്റ്റേഷനിൽ തകരാർ, നാല് ജില്ലകളിൽ പ്രതിസന്ധി

മലബാറിൽ ഏഴ് ദിവസം വൈദ്യുതി നിയന്ത്രണം; പവർഗ്രിഡ് സബ്സ്റ്റേഷനിൽ തകരാർ, നാല് ജില്ലകളിൽ പ്രതിസന്ധി

by news_desk
0 comments

തിരുവനന്തപുരം: കോഴിക്കോട്ടെ പവർഗ്രിഡ് കോർപ്പറേഷൻ (പി.ജി.സി.ഐ.എൽ) സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് മലബാറിലെ നാല് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുള്ളത്.

കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 500 എംവിഎ ശേഷിയുള്ള മൂന്നാം നമ്പർ ട്രാൻസ്ഫോർമറിന്റെ ബുഷിംഗിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണം. തകരാർ പരിഹരിക്കുന്നതിനായി അടിയന്തര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ സംസ്ഥാന വൈദ്യുതി ബോർഡിനെ അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ട്രാൻസ്ഫോർമർ പൂർണ്ണസജ്ജമാക്കാൻ ഒരാഴ്ചയോളം സമയം വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.

ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വിതരണ ശൃംഖലയിൽ ലോഡ് ക്രമീകരണം അനിവാര്യമായി വരും. അതിനാൽ വരും ദിവസങ്ങളിൽ ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി വൈദ്യുതി നിയന്ത്രിക്കേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ ഓഫാക്കിയും ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഓരോ പ്രദേശത്തെയും കൃത്യമായ സമയക്രമം പ്രാദേശിക കെഎസ്ഇബി ഓഫീസുകൾ വഴി ലഭ്യമാകും. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ പവർഗ്രിഡ് കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.

You may also like