ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ കുതിപ്പെടുക്കുന്നതിനിടെ രാഷ്ട്രീയ രംഗത്ത് അതിനാടകീയ നീക്കങ്ങൾ തുടരുന്നു. ടി.വി.കെ അധ്യക്ഷനായ വിജയ് ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.
കോൺഗ്രസ്-ഇടതുപക്ഷ സഖ്യത്തെ പിന്തുണച്ചാൽ മതേതര പ്രതിച്ഛായ നിലനിർത്താനാകുമെങ്കിലും ഭൂരിപക്ഷം വളരെ കുറവായിരിക്കും. മറുവശത്ത് എഐഎഡിഎംകെ പിന്തുണ ലഭിച്ചാൽ സംഖ്യാബലം ഉറപ്പാകുമെങ്കിലും, ബിജെപി സ്വാധീനം കാരണം രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് തിരിച്ചടിയുണ്ടാകാമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ ടി.വി.കെ നേതൃത്ത്വം തിരക്കിട്ട ചർച്ചകളിലാണ്. വിജയ് പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി നിലപാട് അന്തിമപ്പെടുത്തും. തുടർന്ന് ഗവർണറെ കണ്ടു സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിക്കാനും നീക്കം നടക്കുന്നു.
അതേസമയം, കോൺഗ്രസ് ഉപാധികളോടെയാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി ഉൾപ്പെടെയുള്ള എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുതെന്ന വ്യവസ്ഥയാണ് മുന്നോട്ടുവെച്ചത്. ഇതിനൊപ്പം സിപിഐ, സിപിഎം പാർട്ടികളുടെയും പിന്തുണ വിജയ് തേടിയിട്ടുണ്ട്.
എഐഎഡിഎംകെയ്ക്കുള്ളിൽ വ്യത്യസ്ത നിലപാടുകളാണ് ഉയരുന്നത്. രണ്ടാം നിര നേതാക്കൾ ടി.വി.കെയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, മുതിർന്ന നേതാക്കൾ അതിനെ എതിർക്കുന്നു. രാഷ്ട്രീയ പ്രസക്തി നിലനിർത്താൻ സഖ്യം അനിവാര്യമാണെന്ന വാദവും ഉയരുന്നുണ്ട്.
ഇതിനിടെ കോൺഗ്രസ് നേതൃത്വം ഇന്നത്തെ വാർത്താസമ്മേളനം മാറ്റിവെച്ച് അടിയന്തര യോഗം ചേർന്നു. യോഗത്തിൽ എസ്. രാജേഷ് കുമാറിനെ വീണ്ടും നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ടി.വി.കെയുമായി സഖ്യം വേണമെന്ന ആവശ്യം ഹൈക്കമാൻഡിന് മുന്നിൽ ആദ്യമായി ഉന്നയിച്ച നേതാവും രാജേഷ് കുമാറാണ്.

