ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചു. രാഷ്ട്രീയ ലാഭത്തിനായി സ്ത്രീകളെ കരുവാക്കുകയാണെന്നും മണ്ഡല പുനർനിർണ്ണയ നീക്കത്തിലൂടെ പിന്നാക്ക വിഭാഗങ്ങളെ ഭരണത്തിൽ നിന്ന് അകറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതോടെ സഭാനടപടികൾ പ്രക്ഷുബ്ധമായി.
സ്ത്രീ ശാക്തീകരണമല്ല, മറിച്ച് ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ അവസരങ്ങൾ ഇല്ലാതാക്കുകയാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. “ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ്. അസമിലും ജമ്മു കാശ്മീരിലും ചെയ്തതുപോലെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം പുനർനിർണ്ണയിച്ച് അധികാരം നിലനിർത്താനാണ് അവർ നോക്കുന്നത്. ഇത് കൃത്യമായ രാജ്യവിരുദ്ധ പ്രവർത്തനമാണ്. ഈ ആക്രമണത്തെ പ്രതിപക്ഷം ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തും,” അദ്ദേഹം വ്യക്തമാക്കി.
സർക്കാരിനെ രൂക്ഷമായി പരിഹസിച്ച രാഹുൽ, “ജാലവിദ്യക്കാരൻ ഇപ്പോൾ പിടിക്കപ്പെട്ടിരിക്കുകയാണ്” എന്ന് പറഞ്ഞു. നോട്ടുനിരോധനത്തിന്റെയും ബാലാക്കോട്ടിന്റെയും ജാലവിദ്യകൾ കാട്ടിയവർ ഇപ്പോൾ അസ്വസ്ഥരാണെന്നും അവരുടെ ബിസിനസ് പങ്കാളിത്തം എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. ഈ ബിൽ പാർലമെന്റിൽ പാസാകില്ലെന്ന് ഭരണപക്ഷത്തിന് തന്നെ അറിയാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ ഭരണപക്ഷാംഗങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭയിൽ ബഹളം രൂക്ഷമാവുകയും നടപടികൾ തടസ്സപ്പെടുകയും ചെയ്തു.

