Home Nationalകേന്ദ്രത്തിനെതിരെ വീണ്ടും രാഹുൽ; ‘വിദ്യാർഥികൾക്കെതിരെ മാരക ബലപ്രയോഗത്തിന് ആരാണ് അനുമതി നൽകിയത്?’ അമിത് ഷായ്ക്ക് കത്ത്

കേന്ദ്രത്തിനെതിരെ വീണ്ടും രാഹുൽ; ‘വിദ്യാർഥികൾക്കെതിരെ മാരക ബലപ്രയോഗത്തിന് ആരാണ് അനുമതി നൽകിയത്?’ അമിത് ഷായ്ക്ക് കത്ത്

by news_desk1
0 comments

ന്യൂഡൽഹി: ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെയാണ് വിദ്യാർഥികൾക്കെതിരെ മാരക ബലപ്രയോഗത്തിന് ആരാണ് അനുമതി നൽകിയതെന്ന് അദ്ദേഹം ചോദിച്ചത്.

2026 ജൂലൈ 20-ന് ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കുന്നതിനുപകരം, മാരകായുധങ്ങളും കണ്ണീർവാതകവും ഉൾപ്പെടെ അതിരുകടന്ന ബലപ്രയോഗമാണ് സുരക്ഷാസേന നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. നൂറുകണക്കിന് ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായും, വിദ്യാർഥിനികൾക്കെതിരെയും അതിക്രമം നടന്നതായും കത്തിൽ പരാമർശിക്കുന്നു.

പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതാണ് ഏറ്റവും ഞെട്ടിക്കുന്ന സംഭവമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും, പെല്ലറ്റ് വെടിയേറ്റ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള 19-കാരനായ സാഹിൽ ലോചാബിനെ സന്ദർശിച്ചതായും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാസേനയുടെ അന്തിമ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രിക്കാണെന്ന സാഹചര്യത്തിൽ, വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് ഗണ്ണുകൾ ഉൾപ്പെടെയുള്ള മാരക ബലപ്രയോഗത്തിന് താങ്കൾ അനുമതി നൽകിയിരുന്നോയെന്നും, നൽകിയിട്ടില്ലെങ്കിൽ ആരാണ് അനുമതി നൽകിയതെന്നും രാഹുൽ ഗാന്ധി അമിത് ഷായോട് ചോദിച്ചു.

സിവിൽ വേഷത്തിൽ വിദ്യാർഥികളെ ലാത്തികൊണ്ട് മർദിച്ച വ്യക്തികൾ പൊലീസ് ഉദ്യോഗസ്ഥരാണോ, അതോ മറ്റാരെങ്കിലുമാണോ എന്നും, അവരെ വിന്യസിക്കാൻ ആരാണ് അനുമതി നൽകിയതെന്നും കത്തിലൂടെ അദ്ദേഹം വിശദീകരണം തേടി.

You may also like