Home Top Storiesപ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം; പൊലീസ് ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്ക്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം; പൊലീസ് ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്ക്

by news_desk1
0 comments

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ നടന്ന പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു. മൂക്കിനാണ് പരിക്കേറ്റതെന്ന് റിപ്പോർട്ടുകൾ. രക്തമൊലിപ്പിച്ച മുഖവുമായി പൊലീസ് വാഹനത്തിൽ ഇരിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

പിടിവലിക്കിടെ രാഹുൽ ഗാന്ധി നിലത്തുവീണതായും തുടർന്ന് പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. ബലം പ്രയോഗിച്ച് തന്നെ നീക്കുന്നതിനിടെ “ഇതാണ് ഇന്ത്യയിലെ ജനാധിപത്യം” എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ “ഭയചകിതനായ പ്രധാനമന്ത്രി” എന്ന തലക്കെട്ടോടെ നരേന്ദ്ര മോദിയുടെ ചിത്രവും പ്രതിഷേധത്തിനിടെയുള്ള രാഹുൽ ഗാന്ധിയുടെ ചിത്രവും ചേർത്ത് പോസ്റ്റ് പങ്കുവെച്ചു.

പ്രതിഷേധത്തിനിടെ കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാരെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. അഖിലേഷിനെയും ബലംപ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചു. പ്രിയങ്കാ ഗാന്ധിയെയും പൊലീസ് വാഹനത്തിലേക്ക് ബലമായി കയറ്റാൻ ശ്രമിച്ചെങ്കിലും അവർ പ്രതിരോധിച്ച് വാഹനത്തിന്റെ പടികളിൽ തുടർന്നു.

കേന്ദ്രസർക്കാരിനോട് കോൺഗ്രസ് അഞ്ച് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചത്. നീറ്റ് പരീക്ഷയെഴുതി ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രതികരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക, വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ അന്വേഷണം നടത്തുക, വിദ്യാർഥികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് നടപടികൾ നിർത്തിവയ്ക്കുക എന്നിവയാണ് ആവശ്യങ്ങൾ.

You may also like