കാസർകോട്: സ്കൂൾ സമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശം. കാസർകോട് ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് അയച്ച നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജോലിക്കിടയിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി ഇടപെടുന്നതും വിദ്യാർത്ഥികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതികൾ വ്യാപകമായി ലഭിച്ച സാഹചര്യത്തിലാണ് നടപടി.
ഔദ്യോഗിക ആവശ്യങ്ങളില്ലാതെ ക്ലാസ് മുറികളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ലെന്നും സ്കൂൾ സന്ദർശനത്തിനിടെ ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്കൂൾ സമയത്ത് അധ്യാപകർ അനാവശ്യമായി മൊബൈൽ ഉപയോഗിക്കുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ ഇടപെടുന്നില്ലെന്നും പ്രധാനാധ്യാപകർ ഉറപ്പുവരുത്തണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശിച്ചു.

