തിരുവനന്തപുരം: ഡൽഹിയിലെ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ആർ. ശ്രീലേഖ. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നാലുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു അവർ.
അതേസമയം, രാജിവയ്ക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളി ശ്രീലേഖ രംഗത്തെത്തി. കൗൺസിലറായി തുടരുമെന്നും മരണംവരെ ബിജെപിയിൽത്തന്നെ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. ദേശീയ വനിതാ കമ്മിഷനിൽ നിയമിക്കാത്തതിലുള്ള പ്രതിഷേധമാണ് രാജി നീക്കത്തിനു പിന്നിലെന്ന വാർത്തയും ശ്രീലേഖ നിഷേധിച്ചു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു വിശദീകരണം.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് തനിക്കെതിരെ മോശം പ്രചാരണം നടന്നതെന്ന് ശ്രീലേഖ പറഞ്ഞു. ബിജെപി അംഗത്വമെടുത്തതുമുതൽ മാധ്യമങ്ങൾ തന്നെ ലക്ഷ്യമിടുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം അനുഭവങ്ങൾ ഉണ്ടായെന്നും അവർ ആരോപിച്ചു. മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്ത സമിതിയിൽ താനും അംഗമായിരുന്നുവെന്നും ശ്രീലേഖ വ്യക്തമാക്കി.
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയാണെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും അവർ പറഞ്ഞു. കോൺഗ്രസിലേക്ക് പോകുമെന്ന പ്രചാരണം അസംബന്ധമാണെന്നും മരണംവരെ ബിജെപിയിൽ തുടരുമെന്നും ശ്രീലേഖ ആവർത്തിച്ചു.
