Home Keralaസിനഗോഗ് തീവെപ്പ് കേസ്; കാർ ഷോറൂമിന് തീയിട്ടത് പരിശീലനത്തിനെന്ന് എബിന്റെ മൊഴി, ‘ബോസ്’ ആരെന്ന് തേടി പൊലീസ്

സിനഗോഗ് തീവെപ്പ് കേസ്; കാർ ഷോറൂമിന് തീയിട്ടത് പരിശീലനത്തിനെന്ന് എബിന്റെ മൊഴി, ‘ബോസ്’ ആരെന്ന് തേടി പൊലീസ്

by news_desk1
0 comments

കൊച്ചി: കൊച്ചിയിലെ ജൂത സിനഗോഗിന് നേരെയുണ്ടായ തീവെപ്പ് ശ്രമക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടത് ആക്രമണത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പ്രതി എബിൻ പോൾ മൊഴി നൽകിയതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അജ്ഞാതനായ ‘ബോസി’ന് അയച്ചുകൊടുത്തതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചതായാണ് വിവരം. തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയത്തിൽ എബിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

‘ബോസ്’ എന്നറിയപ്പെടുന്ന വ്യക്തിയുടെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് എബിൻ മൊഴി നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ ഇയാളുടെ യഥാർഥ വ്യക്തിത്വം ഇതുവരെ കണ്ടെത്താനായിട്ടില്ല. എബിന്റെ ടെലഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് ടെലഗ്രാമിന് അന്വേഷണസംഘം കത്തയച്ചിട്ടുണ്ട്.

ആക്രമണത്തിന് മുമ്പ് ആയുധങ്ങളെക്കുറിച്ച് ഇന്റർനെറ്റിൽ തിരച്ചിൽ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. എബിന് രാജ്യാന്തര ഭീകരവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ യു.എ.പി.എ ഉൾപ്പെടെയുള്ള നിയമവകുപ്പുകൾ ചുമത്തുന്ന കാര്യം അന്വേഷണസംഘം പരിഗണിച്ചേക്കും. അതേസമയം, പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

എബിനിൽനിന്ന് വിവിധ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായും ഓൺലൈൻ വഴി വൻതോതിൽ ലഹരിവസ്തുക്കളുടെ ഇടപാടുകൾ നടത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണങ്ങൾക്ക് പിന്നിലെ ലക്ഷ്യവും അജ്ഞാതനായ ‘ബോസി’ന്റെ പങ്കും വ്യക്തമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഒരു മാസം മുമ്പാണ് മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടത്. പിന്നാലെ, 2026 ഒക്ടോബർ 12ന് കൊച്ചിയിലെ കടവുഭാഗം ജൂത സിനഗോഗിന് നേരെയും തീവെപ്പ് ശ്രമമുണ്ടായി. എറണാകുളം മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സിനഗോഗിന് മുന്നിലെ നഴ്സറിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർച്ചയായ ഈ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും ആക്രമണങ്ങൾക്ക് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

You may also like