കേരളത്തിന്റെ സാമ്പത്തിക യാഥാർഥ്യങ്ങളെ തുറന്നുകാട്ടിക്കൊണ്ട് ധനകാര്യ മന്ത്രിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം ഒരു കണക്കുപുസ്തകം മാത്രമല്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യനിലയെക്കുറിച്ചുള്ള ഗുരുതരമായ മുന്നറിയിപ്പും ഭാവി ഭരണനയങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ചയ്ക്കുള്ള ക്ഷണവുമാണ് അത്. അഞ്ച് ലക്ഷം കോടി രൂപ പിന്നിട്ട കടബാധ്യതയും സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവഴിക്കേണ്ടിവരുന്ന സാഹചര്യവും കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ട്രഷറി പ്രവർത്തനങ്ങൾ പോലും സമ്മർദ്ദത്തിലാണെന്ന സർക്കാർ സമ്മതം അവസ്ഥയുടെ ഗൗരവം വർധിപ്പിക്കുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം മുൻ സർക്കാരുകളിലേക്കോ കേന്ദ്രസർക്കാരിലേക്കോ മാത്രം തള്ളിക്കളഞ്ഞാൽ പരിഹാരമുണ്ടാകില്ല.
കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം വൈകുന്നത് തീർച്ചയായും ഗൗരവമുള്ള വിഷയമാണ്. അതേസമയം, കേന്ദ്രം ഉന്നയിക്കുന്ന യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ വസ്തുതാപരമാണെങ്കിൽ അവയും അടിയന്തരമായി പരിഹരിക്കപ്പെടണം. സാമ്പത്തിക അവകാശങ്ങൾ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെ നേടാനാകില്ല; കാര്യക്ഷമമായ ഭരണനടപടികളിലൂടെയും ഫലപ്രദമായ ചർച്ചകളിലൂടെയുമാണ് അത് സാധ്യമാകുക. ധവളപത്രം ഉയർത്തുന്ന മറ്റൊരു പ്രധാന ചർച്ച സ്വകാര്യ നിക്ഷേപങ്ങളെയും സ്വകാര്യവൽക്കരണത്തെയും കുറിച്ചുള്ളതാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ കേരളത്തിന്റെ വികസന മാതൃകയുടെ ഭാഗമാണ്. എന്നാൽ തുടർച്ചയായി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സ്ഥാപനങ്ങളെ രാഷ്ട്രീയ വികാരങ്ങളുടെ പേരിൽ മാത്രം സംരക്ഷിക്കുന്നത് പരിഹാരമല്ല. അതേസമയം, സ്വകാര്യവൽക്കരണം എന്ന പേരിൽ പൊതുസമ്പത്തിനെ കൈവിടുന്നതും അംഗീകരിക്കാനാവില്ല. കാര്യക്ഷമതയും പൊതുതാൽപര്യവും ഒരുപോലെ സംരക്ഷിക്കുന്ന പുതിയ മാതൃകകളെക്കുറിച്ചാണ് കേരളം ചിന്തിക്കേണ്ടത്.
കിഫ്ബിയെക്കുറിച്ചുള്ള ധവളപത്രത്തിലെ നിലപാടുകളും വിമർശനവിധേയമാകേണ്ടതാണ്. കിഫ്ബിയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാം. എന്നാൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ കിഫ്ബി നിർണായക പങ്കുവഹിച്ചെന്ന യാഥാർഥ്യം വിസ്മരിക്കാനാവില്ല. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തണം; എന്നാൽ നേട്ടങ്ങളെ പൂർണമായും നിഷേധിക്കുന്നത് വസ്തുതകളോടുള്ള നീതിയല്ല. സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, തൊഴിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവാക്കൾ തുടങ്ങിയ വിഭാഗങ്ങളാണ്. അതിനാൽ ധനകാര്യ പുനരുദ്ധാരണം എന്നത് വെറും കണക്കുകളുടെ കളിയല്ല; സാമൂഹിക നീതിയുടെ ചോദ്യവുമാണ്.
കേരളം മുമ്പും പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. പ്രളയവും മഹാമാരിയും സാമ്പത്തിക ഉപരോധങ്ങളും നേരിട്ടാണ് സംസ്ഥാനം മുന്നേറിയത്. ഇന്നും അതിന് കഴിയുമെന്ന ആത്മവിശ്വാസത്തിന് അടിത്തറയാകേണ്ടത് രാഷ്ട്രീയ വിഴുപ്പലക്കലല്ല, മറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ചേർന്നുള്ള ക്രിയാത്മക ഇടപെടലുകളാണ്. ധവളപത്രം ഒരു അവസാനവാക്കല്ല. അത് ഒരു തുടക്കമാണ്. കുറ്റപ്പെടുത്തലുകൾക്ക് അപ്പുറം പരിഹാരങ്ങൾ തേടാനുള്ള തുടക്കം. സാമ്പത്തിക അച്ചടക്കവും വരുമാന വർധനവും ചെലവ് നിയന്ത്രണവും സുതാര്യതയും കൈമുതലാക്കി മുന്നോട്ടുപോയാൽ ഇന്നത്തെ പ്രതിസന്ധി നാളത്തെ പാഠമായി മാറും. അതിന് രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണപരമായ ദീർഘവീക്ഷണവും ഒരുപോലെ അനിവാര്യമാണ്.

