തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വ്യക്തിയല്ല. ഇന്ത്യയുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഭരണഘടന രൂപം നൽകിയ സ്വതന്ത്രവും നിഷ്പക്ഷവുമായ മഹത്തായ സ്ഥാപനമാണ്. രാഷ്ട്രീയമോ അരാഷ്ട്രീയമോ ആയ താൽപര്യങ്ങൾക്കും ഇടപെടലുകൾക്കും ആ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സ്വാധീനിക്കാൻ കഴിയാത്തവിധം അതിന്റെ വിശ്വാസ്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. എന്നാൽ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളും സുപ്രീംകോടതിയിലെ സമീപകാല പരാമർശങ്ങളും ഈ വിശ്വാസ്യതയെക്കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. എസ്.ഐ.ആർ നടപടികളുടെ ഭാഗമായി ഫോം 6ന്റെ പരിഷ്കരിച്ച പതിപ്പിന് സുപ്രീംകോടതിയുടെ അനുമതിയുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി തന്നെ തള്ളിയത് അതീവ ഗൗരവമുള്ള കാര്യമാണ്. ‘ഞങ്ങൾ ഒരു ഫോമിനും അംഗീകാരം നൽകിയിട്ടില്ല’ എന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം ഒരു സാധാരണ സാങ്കേതിക തിരുത്തലായി കാണാനാകില്ല. പരമോന്നത കോടതിയുടെ പേരിൽ ഒരു ഭരണഘടനാ സ്ഥാപനം തെറ്റായ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ ഉത്തരവാദിത്തം നിശ്ചയിക്കേണ്ടതുണ്ട്. ഇതിനൊപ്പം കമ്മീഷനിലെ ആഭ്യന്തര ഭിന്നതകളും അവഗണിക്കാനാകില്ല. രണ്ട് കമ്മീഷണർമാർ പല നിർണായക തീരുമാനങ്ങളിലും ആവർത്തിച്ച് വിയോജിപ്പ് രേഖപ്പെടുത്തിയെന്ന ആരോപണം സ്ഥാപനത്തിന്റെ കൂട്ടായ തീരുമാനമെടുക്കൽ സംവിധാനത്തെക്കുറിച്ചാണ് ചോദ്യമുയർത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒറ്റയാൾ സംവിധാനമല്ല. ചർച്ചയിലൂടെയും വിയോജിപ്പുകളെ മാനിച്ചും കൂട്ടായ തീരുമാനങ്ങളിലൂടെയും പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ്. ഒരാളുടെ തീരുമാനമാണ് സ്ഥാപനത്തിന്റെ തീരുമാനമായി മാറുന്നതെങ്കിൽ അതിന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. വോട്ടർപട്ടിക ഒരു സാധാരണ ഭരണരേഖയല്ല. ഒരു പൗരന്റെ ജനാധിപത്യ പങ്കാളിത്തത്തിന്റെ അടിസ്ഥാന രേഖയാണ് അത്. അതിൽനിന്ന് ഒരു അർഹനായ പൗരന്റെ പേര് ഒഴിവാക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശബ്ദം ഇല്ലാതാക്കുന്നതിന് തുല്യമായ പ്രത്യാഘാതമുണ്ടാക്കും. അതുകൊണ്ടുതന്നെ വോട്ടർ പട്ടിക പരിഷ്കരണത്തിലെ ഓരോ നടപടിയും സുതാര്യവും നിയമാനുസൃതവും പരിശോധിക്കാവുന്നതുമായിരിക്കണം. ഫോം 6ൽ നിർണായക മാറ്റങ്ങൾ നിയമപരമായ ചട്ടഭേദഗതിയില്ലാതെ സോഫ്റ്റ്‌വെയർ തലത്തിൽ നടപ്പാക്കിയെന്ന ആരോപണം ശരിയാണെങ്കിൽ അത് കൂടുതൽ ഗുരുതരമാണ്. നിയമം മാറ്റാതെ സാങ്കേതികവിദ്യയിലൂടെ നിയമത്തിന്റെ പ്രയോഗം മാറ്റാനാകുമോ? എന്ന ചോദ്യം ഇവിടെ ഉയരുന്നു. അതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തോട് വ്യക്തമായ മറുപടി നൽകണം. സുപ്രീംകോടതി കമ്മീഷനോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതും നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരണം തേടിയതും അതുകൊണ്ടുതന്നെ പ്രാധാന്യമർഹിക്കുന്നു. കമ്മീഷണറെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെന്നത് ഒരു ഭാഗമാണ്. എന്നാൽ അതിനർഥം കമ്മീഷന്റെ നടപടികൾക്ക് കോടതി അംഗീകാരം നൽകിയെന്നല്ല. നിയമത്തിന്റെ പരിധിക്ക് പുറത്തുള്ള ഏതൊരു തീരുമാനവും പരിശോധനയ്ക്കും തിരുത്തലിനും വിധേയമാണ് എന്ന സന്ദേശമാണ് ഈ ഘട്ടം നൽകുന്നത്. സുകുമാർ സെന്നിൽ തുടങ്ങി ടി.എൻ. ശേഷനിലൂടെ ശക്തമായ സ്ഥാപനമായി വളർന്നതാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. അധികാരത്തിലിരിക്കുന്നവരോട് ഭയമില്ലാതെയും പ്രതിപക്ഷത്തോട് പക്ഷപാതമില്ലാതെയും പ്രവർത്തിക്കുമ്പോഴാണ് അതിന്റെ അന്തസ്സ് നിലനിൽക്കുന്നത്. തിരഞ്ഞെടുപ്പ് ജയിക്കുന്നവരുടെയും തോൽക്കുന്നവരുടെയും വിശ്വാസം ഒരുപോലെ നേടുക എന്നതാണ് കമ്മീഷന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം. അതുകൊണ്ട് ഇപ്പോൾ രാജ്യത്തിന് അറിയേണ്ടത് ഒരേയൊരു കാര്യമാണ്: ഫോം 6ലെ മാറ്റങ്ങൾക്ക് പിന്നിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചത്? ആരാണ് തീരുമാനമെടുത്തത്? നിയമപരമായ അധികാരം എന്തായിരുന്നു? കമ്മീഷനിലെ വിയോജിപ്പുകൾ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു?. ഈ ചോദ്യങ്ങൾക്ക് വ്യക്തവും സുതാര്യവുമായ മറുപടി ലഭിക്കണം. കാരണം വിഷയം ഒരു ഫോമിന്റെ മാറ്റമല്ല; ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശ്വാസ്യതയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂടത്തിന്റെ സൗകര്യത്തിനുള്ള ഒരു ഓഫിസല്ല. അത് ജനങ്ങളുടെ വോട്ടിന്റെ കാവൽക്കാരനാണ്. ആ കാവൽക്കാരന്റെ കൈകൾ ആരുടെയും രാഷ്ട്രീയ താൽപര്യങ്ങളാൽ ബന്ധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഓരോ ചോദ്യത്തിനും ഉത്തരം പറയേണ്ടത് കമ്മീഷൻ തന്നെയാണ്. രാജ്യത്തിന്റെ വോട്ടവകാശത്തിന് മേൽ ഒരു നിഴലും വീഴരുത്.
2
