Home Kerala‘ഒപ്പ് വ്യാജമെന്ന് പരാതി’; ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ പൊലീസ് ഇന്ന് കേസെടുക്കും

‘ഒപ്പ് വ്യാജമെന്ന് പരാതി’; ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ പൊലീസ് ഇന്ന് കേസെടുക്കും

by news_desk1
0 comments

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിലെ ഒപ്പുകൾ വ്യാജമാണെന്ന പരാതിയിൽ പൊലീസ് ഇന്ന് കേസെടുക്കും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനായാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. നിലവിൽ ആരെയും പ്രതി ചേർക്കാതെയായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുക.

കാപ്പാ കേസിൽ സുഗതൻ ഒളിവിൽ കഴിയുന്നതിനിടെ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിലെ ഒപ്പുകൾ വ്യാജമാണെന്നുമാണ് എൽഡിഎഫ് പരാതി. കോൺഗ്രസും ആരോപണം ഏറ്റെടുത്തിരുന്നു. എന്നാൽ, വ്യാജ ഒപ്പ് ആരോപണം ബിജെപി തള്ളുകയാണ്.

പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്ററിലെ രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ആരോപണം ഉയർന്ന ദിവസങ്ങളിലെ കൗൺസിൽ യോഗങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഇതിന് പുറമെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

പരാതിയിലെ ആരോപണം തെളിഞ്ഞാൽ ആർ. സുഗതന് മാത്രമല്ല, മേയർക്കും ഇത് പ്രശ്നമാകുമെന്നാണ് വിലയിരുത്തൽ. കൗൺസിലർമാരുടെ ഹാജർ ബുക്ക് മേയറുടെ ഓഫീസിലാണ് സൂക്ഷിക്കുന്നത്.

You may also like