Home Editorialകോടതിവിധിയിൽ നിഷ്പ്രഭമായത് പത്മത്തിളക്കവും

കോടതിവിധിയിൽ നിഷ്പ്രഭമായത് പത്മത്തിളക്കവും

by news_desk1
0 comments

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ മാനവികതയിലൂന്നിയ സന്ദേശം ലോക ജനതയ്ക്ക് ആരാധ്യനായ ശ്രീനാരായണ ഗുരുവിന്റെ ഓർമ്മകളും ആശയങ്ങളും പ്രചരിപ്പിക്കേണ്ട സംഘടനയാണ് എസ്.എൻ.ഡി.പി. എന്നാൽ ഈയടുത്ത കാലം വരെ പ്രഖ്യാപിതമായ ആ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ടായിരുന്നു എസ്.എൻ.ഡി.പി യോഗത്തിൻ്റെ യാത്ര. സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ പ്രവർത്തിക്കാൻ തുടങ്ങിയതിനു ശേഷമാണ് മാറ്റം പ്രകടമായത്. വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം സംഘടനയെ ഉപയോഗിച്ചു. നവോഥാന മുന്നേറ്റങ്ങളുടെ പേരിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിച്ചും തീർത്തും നിരാശാജനവും പ്രതിഷേധകരവുമായ രീതിയിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനങ്ങളെല്ലാം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഫലത്തിൽ ഭരണമുന്നണികളെയും പ്രതിപക്ഷമുന്നണിയെയും മധ്യ രാഷ്ട്രീയ സംവിധാനങ്ങളെയും എല്ലാം ഉള്ളം കയ്യിലൊതുക്കി. നേടാൻ ഉള്ളതെല്ലാം നേടി പക്ഷേ ഹൈക്കോടതി വിധിയോടുകൂടി സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുമ്പോൾ അല്പ ദിവസങ്ങൾക്കു മുൻപ് കൈവന്ന പത്മഭൂഷനപ്പുറം ഏറ്റ കനത്ത പ്രഹരമാണ് കോടതിയുടെ പരാമർശങ്ങളും.

അന്തരിച്ച സാനു മാസ്റ്ററുടെ ഹർജിയിലാണ് കോടതിയുടെ വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെ ശിവഗിരി മഠം പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്തിരിക്കുകയാണ്. ശ്രീനാരായണ ഭക്തർക്ക് ആശ്വാസം പകരുന്നതാണ് വിധിയെന്നാണ് മഠാധിപതി പ്രതികരിച്ചത്. ജന്മം കൊണ്ടും കർമ്മം കൊണ്ടും ഗുരുദേവൻ പറഞ്ഞതും പ്രവർത്തിച്ചതുമായ സകലമൂല്യങ്ങളെയും ഇല്ലാതാക്കിയ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഭരണ സംവിധാനത്തിനെതിരെയും നിശദമായ വിമർശനമാണ് ശിവഗിരി മഠം ഉന്നയിച്ചിരിക്കുന്നത്. ജാതി സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ പുലർത്തിപ്പോരുന്ന അഹന്തക്കും അഹങ്കാരത്തിനും തിരിച്ചടി കൂടിയാണ് ഹൈക്കോടതിയുടെ വിധി. ഏതു വലിയ പ്രസ്ഥാനത്തിന്റെ തലവനായാലും രാജ്യത്തെ നീതിനായ സംവിധാനങ്ങളോടും നടപ്പ് രീതികളോടും പുലർത്തേണ്ട ബഹുമാനവും ജാഗ്രതയും ഉണ്ട്.

എന്നാൽ കമ്പനി നിയമപ്രകാരമുള്ള നടപടികൾ പോലും പാലിക്കാതെ സംഘടനാ സംവിധാനത്തിന്റെ നിയമപരമായ പ്രക്രിയകൾ യഥാസമയം പൂർത്തിയാക്കാതെ അവിടെ നാടിനെ തന്നെ വെല്ലുവിളിച്ചു കൊണ്ടാണ് വെള്ളാപ്പള്ളിയെ പോലെയുള്ള സമുദായ നേതാക്കൾ ഇത്രയും നാൾ ജീവിച്ചത്. നമ്മുടെ സിസ്റ്റത്തിന്റെ ഏറ്റവും വലിയ വീഴ്ചയുടെ ഉദാഹരണമാണിത്. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് എല്ലാത്തരം പ്രവീലേജുകളും അനുഭവിക്കുന്നവരെ നിലയ്ക്കു നിർത്താൻ ഇനിയെങ്കിലും ജനാധിപത്യ മതേതര സമൂഹം തയ്യാറാവണം. ഒരു സമുദായ നേതാവും മതമേലധ്യക്ഷനും പറയുന്നതോ പ്രവർത്തിക്കുന്നതോ ഒന്നുമല്ല യഥാർത്ഥത്തിൽ ജനങ്ങളുടെ ജനഹിതം. അതറിയാനും മനസ്സിലാക്കാനും കഴിയാതെ പോയി എന്നതാണ് കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങൾ നേരിടുന്ന ഏറ്റവും വലിയ അപചയം. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചാൽ ഒരു സമുദായക്കാല്ലാതെ അവർ പിന്തുണയ്ക്കും സഹായിക്കും. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും എന്നതിനപ്പുറം ഇവിടെ ഒരാളും സമുദായവും ഒന്നുമല്ല.

You may also like