Home Keralaനവജാതശിശുവിന്റെ കൈ ഒടിഞ്ഞ സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽകണ്ട് പരാതി നൽകാൻ കുടുംബം.

നവജാതശിശുവിന്റെ കൈ ഒടിഞ്ഞ സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽകണ്ട് പരാതി നൽകാൻ കുടുംബം.

by news_desk1
0 comments

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈ ഒടിഞ്ഞ സംഭവത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽകണ്ട് പരാതി നൽകാൻ കുടുംബം. കുഞ്ഞിന് ആവശ്യമായ ചികിത്സ വൈകിപ്പിച്ചതിനും ഡോക്ടർമാരുടെ അനാസ്ഥ മൂലം ദുരിതം നേരിട്ടതിനും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകുന്നത്.

കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ ഐ.സി. സുജിൻ–വി.ആർ. അമല ദമ്പതികളുടെ കുഞ്ഞിനാണ് പ്രസവത്തിനിടെ ഗുരുതര പരിക്കേറ്റത്. മേയ് 14-നാണ് സംഭവം നടന്നത്. 3.35 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ജനിച്ചത്. തുടർന്ന് കുഞ്ഞിനെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കുഞ്ഞ് കടുത്ത വേദന കാരണം നിരന്തരം കരഞ്ഞിരുന്നെങ്കിലും സമയബന്ധിത ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. നിരവധി തവണ ഡോക്ടർമാരെ അറിയിച്ചിട്ടും വേണ്ട പരിഗണന ലഭിച്ചില്ലെന്നും മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് പരിശോധന നടത്തിയതെന്നും കുടുംബം പറയുന്നു. രാത്രി എട്ടുമണിയോടെയാണ് എക്‌സ്-റേ പരിശോധന നടത്തി കൈയ്ക്ക് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തിന് പിന്നാലെ ചികിത്സ തുടരുന്നതിനിടെ മേയ് 17-ന് കുഞ്ഞിന് ഇട്ടിരുന്ന പ്ലാസ്റ്റർ അഴിഞ്ഞുവീണതായും കുടുംബം ആരോപിക്കുന്നു. ഉച്ചയോടെ വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും രാത്രി വരെ ആരും പരിശോധനയ്ക്ക് എത്തിയില്ലെന്നാണ് പരാതി. തുടർന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ എല്ല് സ്ഥാനഭ്രംശം സംഭവിച്ചതായി കണ്ടെത്തുകയും വീണ്ടും പ്ലാസ്റ്റർ ഇടേണ്ടിവരികയും ചെയ്തതായി ബന്ധുക്കൾ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പോലീസ്, ഐ.എം.സി.എച്ച് സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കു നേരത്തേ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ തൃപ്തികരമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

കുഞ്ഞിന് നീതി ലഭിക്കാനും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആരോഗ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവം മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും രോഗികളോടുള്ള സമീപനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.

You may also like