Home Kerala‘സിസ്റ്റം നിസ്സംഗത പാലിച്ചു’; തെന്മല വൃദ്ധസദന പീഡനത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി, റിപ്പോർട്ട് തേടി

‘സിസ്റ്റം നിസ്സംഗത പാലിച്ചു’; തെന്മല വൃദ്ധസദന പീഡനത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി, റിപ്പോർട്ട് തേടി

by news_desk1
0 comments

കൊച്ചി: തെന്മല അഭയ കേന്ദ്രത്തിൽ വയോധികർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ലൈസൻസില്ലാതെ പ്രവർത്തിച്ച വൃദ്ധസദനത്തിലെ പീഡനം അതീവ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങളിൽ സിസ്റ്റം നിസ്സംഗത പാലിക്കുന്നുവെന്നായിരുന്നു കോടതിയുടെ വിമർശനം.

തെന്മല പീഡന കേസിലും പത്തനംതിട്ടയിലെ വൃദ്ധസദനത്തിൽ 17 കാരന് മർദനമേറ്റ സംഭവത്തിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി. കേസ് ഈ മാസം 23-ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ പതിനൊന്നിനാണ് തെന്മല വെള്ളിമലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന അഭയ കേന്ദ്രത്തിൽ വയോധികർ പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തുവന്നത്. കേസിലെ പ്രതിയായ അഭയ കേന്ദ്രം നടത്തിപ്പുകാരൻ ബ്രഹ്മദാസ് നിലവിൽ റിമാൻഡിലാണ്.

ഇത്തരത്തിലുള്ള സംഭവങ്ങൾ മുൻകൂട്ടി തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കോടതി ചോദിച്ചു. വയോധികർ, രോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്ന മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി ഓർമ്മിപ്പിച്ചു.

സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ടായിരിക്കാമെന്ന ആശങ്കയും കോടതി പങ്കുവച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ച കോടതി സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു.

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ ഇടുക്കി സ്വദേശിയായ 17 കാരൻ മർദനമേറ്റ സംഭവത്തിലും ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസ് അടുത്ത പരിഗണനയ്ക്ക് കോടതി മാറ്റിവച്ചു.

You may also like