Home Keralaകാര്യക്ഷമത കൂട്ടാൻ ഫയൽ തീർപ്പാക്കലിന് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

കാര്യക്ഷമത കൂട്ടാൻ ഫയൽ തീർപ്പാക്കലിന് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

by news_desk
0 comments

തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വലിയ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പുതിയൊരു കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടറിയേറ്റായി നമ്മുടെ ഭരണകേന്ദ്രത്തെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ആദ്യ പടിയായി മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നായിരിക്കും. എത്ര രാത്രി വൈകിയായാലും അതാത് ദിവസം തീർക്കാൻ സാധിക്കുന്ന മുഴുവൻ ഫയലുകളും തീർപ്പാക്കും. ഇതിനായി ഓഫീസുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഭരണസംവിധാനം പൂർണ്ണമായും സിസ്റ്റമറ്റിക് ആയാൽ ജീവനക്കാർക്ക് അധിക ജോലിഭാരം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിലൂടെ പൊതുജനങ്ങൾക്ക് വാഗ്ദാനം നൽകിയ ഒട്ടുമിക്ക പ്രമുഖ പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല നിലവിൽ കടുത്ത വെല്ലുവിളി നേരിടുകയാണെന്നും യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ഉടൻ തന്നെ ധവളപത്രം പുറപ്പെടുവിക്കുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു. പൂർണ്ണമായും മാനുഷികതയിലൂന്നിയ സമീപനമാകും പുതിയ സർക്കാരിനുണ്ടാകുക.

യുഡിഎഫ് മുന്നോട്ടുവെച്ച ജനപ്രിയ ‘ഇന്ദിരാ ഗ്യാരന്റികൾ’ എല്ലാം തന്നെ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിക്കപ്പെട്ടു. 25 ലക്ഷം രൂപയുടെ ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, വിവിധ ക്ഷേമ പെൻഷനുകൾ 3000 രൂപയായി ഉയർത്തൽ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. കൂടാതെ, സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരിമാഫിയക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിനായി ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) നടപ്പിലാക്കും. ഐടി വകുപ്പിന്റെ പേര് ഇനി മുതൽ ‘ഐടി ഫ്യൂച്ചർ ടെക്നോളജി ആൻഡ് സ്റ്റാർട്ടപ്പ്’ എന്നാക്കി മാറ്റും. ഇതിനൊപ്പം കർഷകരുടെ ഉന്നമനത്തിനായി കാർഷിക മേഖലയുടെ സമഗ്ര വികസനവും നയപ്രഖ്യാപനത്തിൽ വിഭാവനം ചെയ്യുന്നുണ്ട്. പുതിയ സർക്കാരിന്റെ ഈ വികസനരേഖയെ വലിയ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ പൊതുസമൂഹം നോക്കിക്കാണുന്നത്.

You may also like