കൊച്ചി: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ തുടർനടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പൊലീസിനും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെ അൻസിബ നൽകിയ പരാതി പൊലീസ് മേധാവിക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഷയത്തിൽ ആവശ്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
താൻ നൽകിയ പരാതിയിൽ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അൻസിബയെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മയ്ക്കും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെ അൻസിബ ഔദ്യോഗികമായി പരാതി നൽകിയത്.
ലക്ഷ്മി പ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും സ്റ്റേഷനിൽ വെച്ച് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് അൻസിബയുടെ ആരോപണം. സബ് ഇൻസ്പെക്ടർ രേഷ്മ തന്റെ അധികാരം ദുരുപയോഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
തനിക്കെതിരായ പരാതി ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും അൻസിബ ആരോപിക്കുന്നു. സംഭവത്തിൽ നേരിട്ട മാനസിക പീഡനത്തിനും അപമാനത്തിനും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ഉയർന്ന ഈ പരാതിക്ക് സിനിമാ മേഖലയിലും വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. പരാതിയിൽ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന ആരംഭിക്കുമെന്നാണ് സൂചന.

