പാലക്കാട്: തൃശ്ശൂർ പുതുക്കാട്ടിൽ ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശിയായ റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. ഇത് സാധാരണ റോഡപകടമല്ലെന്നും മനഃപൂർവം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളും ഈ ആരോപണത്തിന് തെളിവാണെന്നാണ് കുടുംബത്തിന്റെ നിലപാട്.
അപകടം നടക്കുന്നതിന് ഏകദേശം 15 മിനിറ്റ് മുമ്പ് ലോറി ഡ്രൈവറും റിജാസും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലേക്കും അപകടത്തിലേക്കും നയിച്ചതെന്ന്, റിജാസിനൊപ്പമുണ്ടായിരുന്നതും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതുമായ സുഹൃത്ത് പറഞ്ഞതായി കുടുംബം അറിയിച്ചു.
ബൈക്കിന് മുന്നിലൂടെ സഞ്ചരിച്ചിരുന്ന കാറിന്റെ റിയർ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും ഈ വാദങ്ങളെ സാധൂകരിക്കുന്നതാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
