Home Top Storiesപുതിയ കേരളത്തിനായി നല്ല ടീം; ഇത് വലിയ ഉത്തരവാദിത്തമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

പുതിയ കേരളത്തിനായി നല്ല ടീം; ഇത് വലിയ ഉത്തരവാദിത്തമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

by news_desk
0 comments

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വി.ഡി. സതീശൻ. തന്നെ ഈ പദവിയിലേക്ക് നിയോഗിച്ച പാർട്ടിക്കും ജനങ്ങൾക്കും ഘടകകക്ഷികൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും ദൈവനിശ്ചയമായാണ് ഇതിനെ കാണുന്നതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ വിശ്വാസത്തിലെടുത്ത് ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും കേരളത്തെ രക്ഷിക്കാൻ മികച്ച ഒരു ടീമിനെ വാർത്തെടുക്കുമെന്നും സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തല തന്റെ പ്രിയപ്പെട്ട നേതാവാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം നൽകിയ നേതൃത്വം വലുതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾക്കും ഘടകകക്ഷി നേതാക്കൾക്കും അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു. കേരളത്തിന്റെ ഭാവി വികസനത്തിനായി കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും വെല്ലുവിളികളെ അതിജീവിച്ച് പുതിയൊരു കേരളം കെട്ടിപ്പടുക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, മന്ത്രിമാരെ തീരുമാനിക്കുന്നത് പാർട്ടിയാണെന്നും അഭിപ്രായം ചോദിക്കുമ്പോൾ തന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം മറുപടി നൽകി. പൊതുപ്രവർത്തനത്തിന്റെ ശൈലി തന്നെ മാറ്റിയെഴുതുന്ന വിധത്തിൽ പൂർണ്ണമായ അർപ്പണബോധത്തോടെ പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സംസ്ഥാനത്തിന്റെ പുരോഗതിക്കുമായി ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സതീശന്റെ സ്ഥാനാരോഹണം വലിയ ആവേശത്തോടെയാണ് യുഡിഎഫ് പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.

You may also like