Home Nationalതമിഴ്നാട്ടിൽ വിജയ് തരംഗം; കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ടിവികെ ഭരണത്തിലേക്ക്?

തമിഴ്നാട്ടിൽ വിജയ് തരംഗം; കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ടിവികെ ഭരണത്തിലേക്ക്?

by news_desk1
0 comments

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റവുമായി ശ്രദ്ധ നേടുന്നു. 234 അംഗ നിയമസഭയിൽ 100-ൽ അധികം സീറ്റുകളിൽ ലീഡ് നേടിയ ടിവികെ, സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ശക്തിയായി ഉയർന്നു വരികയാണ്. എന്നാൽ ഭരണത്തിന് ആവശ്യമായ 118 സീറ്റുകളുടെ കേവല ഭൂരിപക്ഷം നേടുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് എഐഡിഎംകെ, ഡിഎംകെ, എൻഡിഎ എന്നിവരുമായി സഖ്യമില്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറാൻ സാധ്യതയുണ്ട്. കോൺഗ്രസ് പാർട്ടി ടിവികെയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന സൂചന നൽകിയതും ശ്രദ്ധേയമാണ്. ഭരണവിരുദ്ധ വികാരവും പരമ്പരാഗത വോട്ടുബാങ്കുകളിൽ ഉണ്ടായ മാറ്റങ്ങളും വിജയിയുടെ മുന്നേറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.

ഭരണത്തിലേക്ക് എത്താൻ വിജയ് മുന്നിൽ വിവിധ വഴികളാണ് തുറന്നുകിടക്കുന്നത്. എഐഡിഎംകെയുമായി സഖ്യം രൂപീകരിക്കുക എന്നതാണ് ഒരു സാധ്യത. മുൻപ് ചർച്ചകൾ പരാജയപ്പെട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ പിന്തുണ ലഭിക്കാമെന്നാണ് സൂചന. ബിജെപിയെ ആശയപരമായ എതിരാളിയായി പ്രഖ്യാപിച്ചിട്ടുള്ള വിജയ്, എഐഡിഎംകെ-ബിജെപി ബന്ധത്തിൽ മാറ്റം ആവശ്യപ്പെടാനും സാധ്യതയുണ്ട്.

അതേസമയം, പ്രധാന കക്ഷികളെ ഒഴിവാക്കി ചെറിയ പാർട്ടികളായ പിഎംകെ, ഡിഎംഡികെ, വിസികെ എന്നിവരുമായി ചേർന്ന് സ്വതന്ത്ര സഖ്യം രൂപീകരിക്കുന്നതും മറ്റൊരു മാർഗമാണ്. കൂടാതെ, ന്യൂനപക്ഷ സർക്കാർ രൂപീകരിച്ച് കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണ തേടുന്നതും സാധ്യതയായി നിലനിൽക്കുന്നു.

വിജയ് എടുക്കുന്ന അന്തിമ തീരുമാനം തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

You may also like