Home Entertainmentസംഗീത് പ്രതാപും അന്നാ ബെന്നും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ; വിവേക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൂജയോടെ ആരംഭിച്ചു

സംഗീത് പ്രതാപും അന്നാ ബെന്നും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ; വിവേക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൂജയോടെ ആരംഭിച്ചു

by news_desk1
0 comments

പനോരമ സ്റ്റുഡിയോസിന്റെ പുതിയ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4 കൊച്ചിയിലെ സ്റ്റുഡിയോയിൽ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുന്ന ചിത്രം ‘അതിരൻ’, ‘ദി ടീച്ചർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ വിവേക് ആണ് സംവിധാനം ചെയ്യുന്നത്.

മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ദൃശ്യഭംഗിയും ദുരൂഹതയും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ കഥയിലൂടെ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

സംഗീത് പ്രതാപും അന്നാ ബെന്നും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്നാ ബെൻ തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപും അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തോടെയാണ് ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രവിശങ്കർ ഒരുക്കുന്നു. സംവിധായകൻ വിവേകിനൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. രവിശങ്കർ രചിച്ച ‘പെണ്ണും പൊറോട്ടും’ 2025-ലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയിരുന്നു.

സാങ്കേതിക രംഗത്തും പ്രമുഖരായ പ്രതിഭകളാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. കലാസംവിധായകൻ എം. ബാവ തന്റെ കരിയറിലെ 120-ാമത് ഫീച്ചർ ഫിലിം ഈ ചിത്രത്തിലൂടെയാണ് പൂർത്തിയാക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ചെറിൻ പോൾ ആദ്യമായി സിനിമയിൽ ഛായാഗ്രാഹകനാകുന്നു.

‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മെൽവിൻ ജോയ് വസ്ത്രാലങ്കാരവും അമൽ കുമാർ മേക്കപ്പും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ഡോൺ വിൻസെന്റാണ് ഒരുക്കുന്നത്. സംഗീത സംവിധാനത്തിൽ പ്രമുഖ ഇൻഡിപെൻഡന്റ് സംഗീതജ്ഞരും പങ്കാളികളാകും.

‘എക്കോ’ എന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫറായ ശ്രാവൺ സത്യയാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പാണ്.

പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുമ്പോൾ റാം മിർചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്രോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ ആരംഭിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പേരും മറ്റ് അഭിനേതാക്കളെയും പ്രധാന സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

You may also like