Home Top Storiesമുഖ്യമന്ത്രി പട്ടിക വ്യാജം; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് നിരീക്ഷകർ

മുഖ്യമന്ത്രി പട്ടിക വ്യാജം; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് നിരീക്ഷകർ

by news_desk
0 comments

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്നതെന്ന രീതിയിൽ പ്രചരിക്കുന്ന രേഖകൾ വ്യാജമാണെന്ന് എഐസിസി നിരീക്ഷകർ. പുറത്തുവന്ന ചിത്രത്തിലെ വിവരങ്ങൾ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും തെറ്റായ പട്ടികയാണിതെന്നും നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നടപടികൾ അതീവ ഗൗരവത്തോടെയാണ് പുരോഗമിക്കുന്നതെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അവർ അറിയിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നേതാവിനെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിക്കൊണ്ടുള്ള ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു. എംഎൽഎമാരുമായി നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചകളുടെയും മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോർട്ട് പാർട്ടി അധ്യക്ഷന് സമർപ്പിച്ചു കഴിഞ്ഞു. എംഎൽഎമാരുടെ പിന്തുണ, ഘടകകക്ഷികളുടെ നിലപാട്, ജനവികാരം എന്നീ മൂന്ന് പ്രധാന ഘടകങ്ങൾ പരിശോധിച്ചാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക.

മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള മൂന്ന് പ്രമുഖ നേതാക്കളുമായി ഹൈക്കമാൻഡ് ഇന്ന് ഫോണിൽ സംസാരിക്കുമെന്നാണ് സൂചന. ഇവരെ നാളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. അതേസമയം, നിരീക്ഷകർ തിരുവനന്തപുരത്തുള്ളപ്പോൾ നടന്ന പ്രകടനങ്ങളും ഫ്ലക്സ് യുദ്ധങ്ങളും ഹൈക്കമാൻഡിനോടുള്ള വെല്ലുവിളിയായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി കാര്യത്തിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു.

You may also like