Home Nationalസ്ത്രീകൾ ആവശ്യപ്പെട്ടു, വിജയ് നടപ്പാക്കി; 717 മദ്യശാലകൾ അടച്ചതിൽ ആഘോഷമെന്ന് മന്ത്രി കീർത്തന

സ്ത്രീകൾ ആവശ്യപ്പെട്ടു, വിജയ് നടപ്പാക്കി; 717 മദ്യശാലകൾ അടച്ചതിൽ ആഘോഷമെന്ന് മന്ത്രി കീർത്തന

by news_desk1
0 comments

ചെന്നൈ: തമിഴ്നാട്ടിൽ 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിട്ടതിനെ തുടർന്ന് സ്ത്രീകൾ സംസ്ഥാനമൊട്ടാകെ ആഘോഷിക്കുകയാണെന്ന് മന്ത്രി എസ് കീർത്തന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ് മദ്യശാലകൾ അടയ്ക്കണമെന്നതെന്നും അധികാരമേറ്റ് രണ്ടാം ദിവസം തന്നെ വിജയ് സർക്കാർ അത് നടപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

“തമിഴ്നാട്ടിലെ സ്ത്രീകൾ ആവശ്യപ്പെട്ടു, വിജയ് അത് ചെയ്തു” എന്നായിരുന്നു കീർത്തനയുടെ പ്രതികരണം. പൊതുജനങ്ങളുടെ ആശങ്കകളും സ്ത്രീകളുടെ സുരക്ഷയും മുൻനിർത്തിയാണ് സർക്കാർ നടപടി സ്വീകരിച്ചതെന്നും അവർ പറഞ്ഞു.

ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള 717 ടാസ്മാക് മദ്യശാലകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ 50 മീറ്റർ ദൂരപരിധിയായിരുന്നു നിലവിലുണ്ടായിരുന്നത്.

സ്ത്രീകളുടെ പിന്തുണ ഉറപ്പിക്കുന്ന രാഷ്ട്രീയ നീക്കമായാണ് വിജയ് സർക്കാരിന്റെ തീരുമാനം വിലയിരുത്തപ്പെടുന്നത്. അധികാരത്തിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീകളുടെ വികാരങ്ങൾ സർക്കാർ മാനിച്ചുവെന്ന സന്ദേശമാണ് ഈ നടപടിയിലൂടെ നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

അതേസമയം തമിഴ്നാട് നിയമസഭയിൽ പുതിയ സ്പീക്കറായി ജെ സി ഡി പ്രഭാകർ തിരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും നേതാക്കൾ ചേർന്നാണ് അദ്ദേഹത്തെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചത്. സഭയിൽ സൗഹൃദപരമായ രാഷ്ട്രീയ അന്തരീക്ഷം നിലനിർത്തുമെന്നും എല്ലാ അംഗങ്ങൾക്കും തുല്യ പരിഗണന നൽകുമെന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.

ഇതിനിടെ, ടിവികെ എംഎൽഎ ശ്രീനിവാസ സേതുപതിക്ക് സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ മദ്രാസ് ഹൈക്കോടതി ഇടക്കാല വിലക്ക് ഏർപ്പെടുത്തി. തിരുപ്പത്തൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നടപടി.

You may also like