Home Editorialനിയമനിർമാണസഭകളിൽ നടക്കേണ്ടത് കയ്യാങ്കളിയും പോർവിളികളുമല്ല

നിയമനിർമാണസഭകളിൽ നടക്കേണ്ടത് കയ്യാങ്കളിയും പോർവിളികളുമല്ല

by news_desk1
0 comments

ജനാധിപത്യത്തിന്റെയും നിയമനിർമാണത്തിന്റെയും വേദികളാണ് പാർലമെൻ്റും നിയമസഭകളും. ക്രിയാത്മകമായ ചർച്ചകളും ജനകീയമായ നിയമനിർമ്മാണങ്ങളും നടക്കേണ്ട ഇടം കഴിഞ്ഞ കുറെ നാളുകളായി പലപ്പോഴും സംഘർഷാത്മകമാകുകയാണ്. പതിവിൽ നിന്നും ഒട്ടും വിപരീതമല്ലെന്ന് പറയുന്നതുപോലെ ഇന്ത്യയുടെ ലോകസഭയും കേരളത്തിൻറെ നിയമസഭയും ഇന്നലെ ബഹളമായമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി സംസാരിക്കവേ മുൻ കരസേനാ മേധാവി എം.എം നരവാനെയുടെ പുസ്തകത്തെ കുറിച്ചുള്ള പരാമർശങ്ങൾ പ്രസംഗത്തിൽ കടന്നുവന്നപ്പോളാണ് ഭരണപക്ഷത്തുനിന്ന് ബഹളം തുടങ്ങിയത്. പുസ്തകം ഇന്ത്യയിൽ ഇറക്കാൻ സമ്മതിച്ചില്ലെന്നും അതിൽ രാജ്യം അറിയേണ്ട കാര്യങ്ങൾ ഉണ്ടെന്നും സൂചിപ്പിച്ചുകൊണ്ട് പ്രസംഗം ആരംഭിക്കാൻ ഒരുങ്ങിയ രാഹുൽഗാന്ധിയെ സ്പീക്കർ തടഞ്ഞു. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയിൽ നിന്ന് വേണം സംസാരിക്കാൻ അതിനു പുറത്തുള്ള കാര്യങ്ങൾ ഒന്നും പ്രസംഗത്തിൽ പരാമർശിക്കേണ്ടതില്ലെന്ന നിലപാടും സ്പീക്കർ സ്വീകരിക്കുകയുണ്ടായി. ലഡാക്കിൽ ചൈന ഭൂമി കയ്യേറിയെന്ന് ജനറൽ നരവനയുടെ ഓർമ്മക്കുറിപ്പിൽ വെളിപ്പെടുത്തുന്നുണ്ട്.

ചൈനീസ് ടാങ്ക് നമ്മുടെ രാജ്യത്തിൻ്റെ അതിർത്തിയിലേക്ക് കടന്നു കയറിയ നിർണായക സമയത്ത് കൃത്യമായ നിർദ്ദേശം നൽകാതെ സൈന്യത്തിൻറെ മനോധർമ്മം അനുസരിച്ച് പ്രവർത്തിച്ചു കൊള്ളാൻ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് പറഞ്ഞെന്നാണ് നരവാന പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. രാഹുൽഗാന്ധി ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഭരണപക്ഷത്തുനിന്ന് അമിത് ഷായും രാജനാഥ് സിംഗ് ഉൾപ്പെടെയുള്ള മന്ത്രിമാരും എംപിമാരും ഇരിപ്പിടത്ത് നിന്ന് എഴുന്നേറ്റ് സഭാതലം ബഹളതലമാക്കിയത്. ഒപ്പത്തിനൊപ്പം പ്രതിപക്ഷവും പരാമർശം കൊണ്ടുവന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നതോടെ ലോക്സഭ ഭരണ പ്രതിപക്ഷ വാക്ക് പോരിന് സാക്ഷിയായി. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും വിഘാതമാക്കാത്ത എല്ലാ വിഷയങ്ങളും എംപിമാർ പ്രസംഗിക്കുമ്പോൾ ഉൾക്കൊള്ളിക്കുന്നതിൽ തെറ്റില്ല. ലോക സാഹിത്യ മുതൽ പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങൾ വരെ ഇന്നലെകളിലെ പാർലമെന്റ് പ്രസംഗങ്ങളുടെ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ രാജ്യത്തിൻ്റെ മുൻ സൈനിക മേധാവിയുടെ പുസ്തകത്തെ പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നത് യാതൊരുവിധ തെറ്റുമില്ല. സർക്കാരിനെതിരെയുള്ള വിമർശനങ്ങളോടുള്ള അടങ്ങാത്ത അസഹിഷ്ണുതയാണ് മന്ത്രിമാരിൽ നിന്നും ഭരണപക്ഷ എംപിമാരിൽ നിന്നും ഇന്നലെ ലോക്സഭയിൽ കണ്ടതെന്ന് വ്യക്തം. നേരത്തെയും സമാനമായ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുള്ളത് ജനങ്ങളുടെ മുന്നിലുണ്ട്.

അനാവശ്യമായ ബഹളങ്ങൾ ഇട നൽകാതെ പാർലിമെൻ്ററി മര്യാദയും രാജ്യ സുരക്ഷയും പരിഗണിച്ച് പ്രതിപക്ഷത്തിന് ഉചിതമായ മറുപടി സർക്കാർ ഔദ്യോഗികമായി നൽകുകയാണ് വേണ്ടത്. തീർത്തും ദൗർഭാഗ്യകരമായ ഇടപെടലാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഇന്നലെയുണ്ടായത് എന്ന് പറയേണ്ടി വരുന്നു. സമാനമായ മറ്റൊന്നാണ് കേരള നിയമസഭയിൽ കണ്ടത്. രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികൾക്ക് വാരിക്കോരി പരോൾ നൽകുന്നതിനെ ചൊല്ലിയായിരുന്നു പ്രതിപക്ഷത്ത് നിന്നും കെ.കെ.രമ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വായിച്ചു നോക്കുക പോലും ചെയ്യാതെ അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞ് തള്ളുമ്പോൾ സ്പീക്കർ ഒരു രാഷ്ട്രീയ വശത്തേക്ക് ചാഞ്ഞുവെന്ന് വ്യക്തം. മറുപടി പറയാൻ മുഖ്യമന്ത്രി ഇന്നലെ സഭയിൽ ഇല്ലാതിരുന്നതും സർക്കാരിനെ രക്ഷിക്കാൻ സ്പീക്കർ തന്നെ നേരിട്ട് ഇടപെടേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇതോടൊപ്പമാണ് പശുവും ചത്തു മോരിലെ പുളിയും പോയെന്ന നിലയിലായ ശബരിമല സ്വർണക്കൊള്ള കേസ് വീണ്ടും ഉയർത്തി ഭരണപക്ഷത്ത് നിന്നും മന്ത്രി വി.ശിവൻകുട്ടി പ്രതിപക്ഷ നിരയെ പ്രഹരിക്കാൻ ഇറങ്ങിയത്.

രാഷ്ട്രീയമായി വിഷയം ഉയർത്തിയതിനെ വിമർശിക്കുന്നില്ല. പക്ഷേ, സോണിയാഗാന്ധിയെ പോലൊരു നേതാവിനെ ഇപ്പോഴും ഇതിൽ വലിച്ചിഴക്കുന്നതിൽ ശരികേടുണ്ട്. രാഷ്ട്രീയ ധാർമികതയില്ലായ്മയുണ്ട്. ഇതിന്റെ പേരിൽ നിയമസഭയിലെ പോർവിളി അപമാനകരമാണ്. പ്രതിപക്ഷം രാഷ്ട്രീയ വിഷയ ദാരിദ്ര്യം നേരിടുന്നുണ്ടെന്നത് വ്യക്തം. എന്നാൽ സഭാതളത്തെ ഫലപ്രദമായി രാഷ്ട്രീയവും വികസനവും ചേർന്ന ചർച്ചക്കുള്ള വേദിയാക്കി മാറ്റുകയും ഭരണപക്ഷത്തെ വിറപ്പിച്ച് നിറുത്തേണ്ട ഉത്തരവാദിത്തവും പ്രതിപക്ഷത്തിനാണ്. ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയപരമായ പാപ്പരത്തം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണ്. ഈ നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ല. ഓരോ ദിവസവും പാർലമെന്റും നിയമസഭയും ചേരുന്നതിന് ഈ നാട് നൽകുന്ന പിന്തുണയുണ്ട് സഹായ സഹകരണങ്ങൾ ഉണ്ട് അതു മനസിലാക്കി ജനപക്ഷത്തു നിന്ന് പ്രവർത്തിക്കാൻ ഭരണ-പ്രതിപക്ഷാംഗങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.

You may also like