ഭാരതത്തെ നിയന്ത്രിക്കുന്നത് ട്രംപോ എന്ന സംശയം ശക്തമാക്കുന്ന തരത്തിലാണ് ഇന്ത്യയിൽ നേരിട്ടും അല്ലാതെയും അമേരിക്കൻ പ്രസിഡണ്ട് നടത്തുന്ന ഇടപെടലുകൾ. തിങ്കളാഴ്ച രാത്രി വൈകി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യ യു.എസ് വ്യാപാര കരാർ തീരുമാനിച്ചതായി അമേരിക്ക ഭാരതത്തിന് മേൽ ചുമത്തിയിരുന്ന 25% അധിക തിരുവ 18% ആയി കുറച്ചതായും പകരം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തീരുമാനിച്ചതായും അതുവഴി യുക്രെയിൻ യുദ്ധം തീർക്കുന്നതിന് സർവ്വർക്കും സ്വീകാര്യമായ ഒരു വഴി തെളിഞ്ഞു വന്നതായി ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചു. എന്റെ സുഹൃത്തുമായി സംസാരിച്ചു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തിരുവ 18% ആയി കുറച്ചതിൽ സന്തോഷമെന്ന് എക്സിൽ രേഖപ്പെടുത്തിയ മോദി, വ്യാപാര കരാറിനെ കുറിച്ച് പരാമർശിക്കാൻ പോലും തയ്യാറായില്ലെന്നതാണ് ഇതിലെ ഏറെ ഗൗരവകരം. ട്രംപിന് നന്ദി പറഞ്ഞെങ്കിലും ഇന്ത്യ യുഎസ് വ്യാപാര കരാറിനെ കുറിച്ച് മോദി സ്ഥിരീകരണം നൽകാത്തത് എല്ലാവരിലും ദുരൂഹത നിറയ്ക്കുന്നുണ്ട്. ഇന്ത്യ പോലെ സുസ്ഥിരവും സംശുദ്ധവുമായ ജനാധിപത്യ രാഷ്ട്രത്തിന്റെ വ്യാപാരവും നയതന്ത്രപരവും ഭരണപരവുമായ കാര്യങ്ങളിൽ മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരി കൈകടത്തുന്നത് ഇന്ത്യയുടെ ഫെഡറൽ സംവിധാനങ്ങൾക്കെതിരെയുള്ള കടന്നാക്രമണമാണ്. ഇന്ത്യയുടെ ഇതുവരെ തുടർന്നുപോകുന്ന വിദേശ വ്യാപാര രീതികളെയെല്ലാം അട്ടിമറിച്ചു കൊണ്ടാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറും അനുബന്ധമായ സംഭാഷണങ്ങളും.
ഇന്ത്യയെ ഇരുട്ടിൽ നിറുത്തിയാണ് അനവസരത്തിലുള്ള ഈ സൗഹൃദ സംഭാഷണവും മറ്റ് ഒത്തുതീർപ്പുകളും. ഇന്ത്യയുടെ സമ്പദ്ഘടനയെയും രാജ്യത്തിന്റെ അഭിമാന ബോധത്തെയും വെല്ലുവിളിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് പരസ്യമായ വിമർശനങ്ങളും തിരുവ ഉൾപ്പെടെയുള്ള തീരുമാനങ്ങളും പ്രഖ്യാപിച്ചപ്പോൾ കുറ്റകരമായ മൗനം അവലംബിച്ച് ഇപ്പോൾ പുറത്തെടുത്തിരിക്കുന്ന സൗഹൃദ കാർഡിൽ എന്തെല്ലാമോ മറഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ട് പാർലമെന്റെ സമ്മേളനം കൂടി നടക്കുന്ന പശ്ചാത്തലത്തിൽ ഡൊണാൾ ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചും തുടർന്ന് ട്രംപ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ നടത്തിയ പ്രഖ്യാപനങ്ങളെ പറ്റിയും പ്രധാനമന്ത്രി ഔദ്യോഗികമായ വിശദീകരണം നൽകേണ്ടതുണ്ട്. ഭരണഘടനാപരമായും നിയമപരമായും ആ ഉത്തരവാദിത്വം നിർവഹിക്കാനുള്ള ബാധ്യത മോദിക്കുണ്ട്. നേരത്തെയും സമാനമായ അനുഭവം ഉണ്ടായതാണ്. ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ഓപ്പറേഷൻ സിന്ധൂർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയിൽ താൻ ഇടപെട്ടതുകൊണ്ടാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന സന്ധി ഉണ്ടായതെന്നുള്ള അവകാശവാദം ട്രംപ് ഉന്നയിച്ചപ്പോൾ അതിനെപ്പറ്റി ഒരക്ഷരം മിണ്ടാനോ ലോകസഭയിലും രാജ്യസഭയിലും ചോദ്യം ഉന്നയിക്കപ്പെട്ടപ്പോൾ വ്യക്തമായ ഉത്തരം നൽകാനോ കേന്ദ്രസർക്കാരോ മോതിയോ തയ്യാറായിരുന്നില്ല.
ദുർബലമായ വാദങ്ങൾ നിരത്തി അതിനെ ഖണ്ഡിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. ഇപ്പോൾ ഇതാ റഷ്യയിൽ നിന്നും വെനസ്വേലയിൽ നിന്നും ഉള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും വാഷിംഗ്ടൺ ഡിസിയിലൂടെ ട്രംപ് നടത്തുമ്പോൾ രാജ്യത്തിന്റെ ഭരണസംവിധാനത്തിന് എന്തു വിലയാണുള്ളത്. ഇന്ത്യയുടെ കൊടുക്കൽ വാങ്ങലുകൾ മറ്റൊരു രാഷ്ട്രതലവനാണോ തീരുമാനിക്കേണ്ടതും തീരുമാനിക്കുന്നതും?. ജനങ്ങളെയും ജനാധിപത്യത്തെയും നോക്കുകുത്തിയാക്കിയുള്ള അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുടെ അമിതാധികാരപ്രയോഗങ്ങൾക്ക് രാജ്യത്തെ വിട്ടു നൽകിയെന്ന പ്രതിപക്ഷ ആക്ഷേപം കേവലം രാഷ്ട്രീയ ആരോപണം മാത്രമായി ചുരുക്കി കാണരുത്. അയൽ രാജ്യങ്ങളിലേക്ക് ഏകാധിപത്യപരമായ ശൈലിയിലൂടെ നുഴഞ്ഞുകയറി അവിടുത്തെ ഭരണാധികാരികളെ ബന്ദികളാക്കി അധികാരം സ്ഥാപിക്കുന്ന ട്രംപിന്റെ പുതിയ ശൈലിയുടെ തുടക്കം ഇന്ത്യയിൽ നടമാടുന്നതിന്റെ സൂചനകളാണ് ഇപ്പോൾ സംഭവിക്കുന്നതെല്ലാം എന്നുള്ള ആശങ്കയും ജനങ്ങൾക്കിടയിൽ വ്യാപിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സർക്കാർ ഉത്തരം പറഞ്ഞെ മതിയാവൂ. ഇന്ത്യ യുഎസ് വ്യാപാര കരാർ അടക്കമുള്ള വിഷയങ്ങളിൽ രാജ്യത്തിന് യാഥാർത്ഥ്യം അറിയണം. അമേരിക്കയ്ക്ക് മുന്നിലെന്നല്ല ഒരു അധികാരശക്തിക്ക് മുന്നിലും സ്വതന്ത്ര ഭാരതം അടിയറവ് പറയില്ല.

