എന്‍ജിനീയറിങ് മേഖല സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നിലെ ബാലികേറാമലയായിരുന്നു കീം (KEAM) പ്രവേശന പരീക്ഷ. ബോര്‍ഡ് പരീക്ഷക്കും പ്രവേശന പരീക്ഷക്കും നല്ല മാര്‍ക്ക് നേടിയാലും റാങ്ക് പട്ടികയിടുമ്പോള്‍ സംസ്ഥാന സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ പിന്നിലാകുന്ന ഗുരുതരമായ സാഹചര്യം. ഏറെ സങ്കീര്‍ണമായിരുന്നു പ്രവേശന പരീക്ഷയിലെ നോര്‍മലൈസേഷന്‍ പ്രക്രിയ. റാങ്കിങ്ങിന് വേണ്ടി തയാറാക്കിയ ഫോര്‍മുല സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ റാങ്കിനെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യം മനസ്സിലാക്കുകയും മാര്‍ക്ക് നോര്‍മലൈസേഷന്‍ എങ്ങനെയാണ് സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നതെന്ന് ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കാട്ടുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്ത വ്യക്തിയാണ് എഡ്യൂപോർട്ട് സ്ഥാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ അജാസ്.
പ്രവേശന പരീക്ഷാ മാർക്കും പ്ലസ് ടു (ക്ലാസ് 12) ബോർഡ് പരീക്ഷാ മാർക്കും തുല്യമായി പരിഗണിച്ചാണ് കീം റാങ്കിങ്ങ് നിർണയിക്കുന്നത്. രണ്ടും കൂട്ടി 600 മാർക്കാണ് കണക്കാക്കുന്നത്. സംസ്ഥാന സിലബസ് ഉൾപ്പെടെ വിവിധ ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരീക്ഷയായതിനാൽ, സമത്വം ഉറപ്പാക്കുന്നതിനായി നോർമലൈസേഷൻ ഫോർമുലയാണ് ദീർഘകാലമായി പ്രയോഗിച്ചിരുന്നത്. എന്നാല്‍, ഈ ഫോർമുല വിവിധ സിലബസുകളിലെ അക്കാദമിക് മികവ് പ്രതിഫലിപ്പിക്കുന്നുണ്ടോയെന്ന സംശയം നേരത്തെ തന്നെയുണ്ടായിരുന്നു.
2024ലെ റാങ്ക് ലിസ്റ്റ് പുറത്തുവന്നപ്പോഴാണ് ഈ പ്രശ്നം വ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പ്രവേശന പരീക്ഷയിലും ഫിസിക്സ്, കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങളിലെ ബോർഡ് പരീക്ഷകളിലും മുഴുവന്‍ മാർക്ക് നേടിയ സംസ്ഥാന സിലബസ് വിദ്യാർഥിക്ക് 84-ാം റാങ്കാണ് ലഭിച്ചത്. ഇതോടെ നോർമലൈസേഷൻ രീതി സംസ്ഥാന സിലബസ് വിദ്യാർഥികള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന ആശങ്കക്ക് വേഗംകൂട്ടി. ഈ പ്രശ്നം മെറിറ്റ് അടിസ്ഥാനത്തിലുള്ള റാങ്കിങ്ങിനെ ബാധിക്കുകയും റാങ്കിങ്ങിനെ സംശയ നിഴലിലാക്കുകയും ചെയ്തു.
പ്രശ്നം തിരിച്ചറിഞ്ഞ അജാസ്, ഈ വിഷയം ആഴത്തില്‍ പഠിക്കാന്‍ തീരുമാനിച്ചു. വിവേചനം ബോധ്യപ്പെട്ടതോടെ നിലവിലെ നോർമലൈസേഷൻ സംവിധാനത്തിനെതിരെ നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്നതിനും വിഷയം സുപ്രീം കോടതിയിലെത്തിക്കുന്നതിനും മുന്നില്‍ നിന്നു. സുതാര്യതമായും മെറിറ്റ് അടിസ്ഥാനത്തിലുള്ള റാങ്കിങ്ങ് സംവിധാനം വേണമെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. അജാസിന്‍റെ പോരാട്ടത്തെ തുടര്‍ന്ന് 2025-ൽ, ഫലം പ്രഖ്യാപിച്ചതിന് ശേഷം പുതുക്കിയ നോർമലൈസേഷൻ ഫോർമുല നടപ്പാക്കി. പുതിയ നോര്‍മലൈസേഷന്‍ മുൻപത്തേതിനേക്കാൾ മെച്ചപ്പെട്ടതാണെങ്കിലും ഇനിയും മെച്ചപ്പെടാനുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.
മെറിറ്റിനെ അട്ടിമറിക്കുന്ന ഘടനാപരമായ പിഴവ് തിരുത്തുന്നതിനായിരുന്നു എന്‍റെ പോരാട്ടം. പ്രവേശന പരീക്ഷയിലും ബോർഡ് പരീക്ഷകളിലും മുഴുവന്‍ മാർക്ക് നേടിയ വിദ്യാർഥി പോലും റാങ്കിൽ പിന്നിലാകേണ്ടി വന്നപ്പോൾ ഫോർമുല തിരുത്തേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തകനെന്ന നിലയിൽ, വിദ്യാർത്ഥികളോടൊപ്പം നിൽക്കുകയും, വിഷയത്തെ നിയമപരമായി മുന്നോട്ട് കൊണ്ടുപോകുകയും പരിഹരിക്കപ്പെടണമെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. പുതുക്കിയ ഫോർമുല പൂര്‍ണമായി കുറ്റമറ്റതല്ലെങ്കില്‍ കൂടിയും പ്രവേശന പ്രക്രിയയിൽ തുല്യ നീതിയും മെറിറ്റും പുനഃസ്ഥാപിക്കുന്നതിലേക്കുള്ള വലിയ മുന്നേറ്റമാണെന്ന് കരുതുന്നുവെന്നും അജാസ് പറയുന്നു. പുതിയ രീതി സംസ്ഥാന സിലബസില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം പകരുന്നതും സുതാര്യവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ അക്കാദമിക് നയങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സഹായകമാകുകയും ചെയ്യുമെന്നും അജാസ് പറയുന്നു.

