ദില്ലി: മധ്യപൂർവ്വേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 100 ഡോളർ കടന്നതോടെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക ശക്തമായി.
ഗൾഫ് മേഖലയിൽ മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള ഓഹരി വിപണികളിലും ഇടിവ് അനുഭവപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന ഷിപ്പിംഗിനും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പ് വൈകാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇതിനിടെ അറബ് രാജ്യങ്ങളിലേക്കുള്ള ആക്രമണ ശ്രമങ്ങൾ തുടരുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. സൗദി അറേബ്യയ്ക്ക് നേരെ കഴിഞ്ഞ രാത്രി അമ്പതോളം ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ ആക്രമണ ശ്രമമാണിതെന്ന് വിലയിരുത്തപ്പെടുന്നു. യുഎഇ കഴിഞ്ഞ ദിവസം 10 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി അറിയിച്ചു.
കിഴക്കൻ പ്രവിശ്യ, പ്രിൻസ് സുൽത്താൻ എയർബേസ്, ഷൈബാ എണ്ണപ്പാടം എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണ ശ്രമങ്ങൾ നടന്നത്. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിനിടെ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി യോഗത്തിൽ ഇറാന്റെ ആണവ പദ്ധതികളെ ചൊല്ലി അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ തമ്മിൽ വാക്പോരും ഉണ്ടായി. മേഖലയിലെ സംഘർഷം നീണ്ടാൽ ആഗോള ഊർജ്ജ വിപണിയിൽ കൂടുതൽ അസ്ഥിരതയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

