Home Keralaതിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തത്തിന് പിന്നാലെ അഞ്ച് മരണം; ചികിത്സാ ഉപകരണങ്ങൾ മാറ്റിയത് വിനയായെന്ന് ആരോപണം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തത്തിന് പിന്നാലെ അഞ്ച് മരണം; ചികിത്സാ ഉപകരണങ്ങൾ മാറ്റിയത് വിനയായെന്ന് ആരോപണം

by news_desk
0 comments

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. തീപിടിത്തമുണ്ടായപ്പോൾ വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയതാണ് മരണങ്ങൾക്ക് കാരണമായതെന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ കുടുംബം ആരോപിച്ചു. മാർച്ച് 17-ന് രാവിലെയാണ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിത്തമുണ്ടായത്. ഇതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അഞ്ച് പേർ മരിച്ചതായാണ് വിവരം. സനീഷ് ചികിത്സയിൽ കഴിഞ്ഞിരുന്ന വെന്റിലേറ്ററിൽ നിന്നാണ് തീയും പുകയും ഉയർന്നതെന്ന് ബന്ധുവായ പുഷ്പലീല വെളിപ്പെടുത്തി. അപകടമുണ്ടായ ഉടൻ രോഗികളെ വാർഡുകളിൽ നിന്ന് മാറ്റിയെങ്കിലും വെന്റിലേറ്റർ സഹായം കൃത്യമായി ലഭിക്കാത്തത് മരണത്തിലേക്ക് നയിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതർക്കെതിരെ ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് സനീഷിന്റെ ബന്ധുക്കൾ. എന്നാൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

You may also like