തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ നിയമിച്ചതിൽ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ച് യൂത്ത് ലീഗ്. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫിനെ ഓഫീസ് അറ്റൻഡന്റായി നിയമിച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗിലും എംഎസ്എഫിലും അതൃപ്തി ശക്തമായത്.
വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. സ്റ്റാഫിൽ തങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതിയുമായി യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കൾ പരസ്യ പ്രതികരണങ്ങൾ നടത്തുന്നതിനിടെയാണ് ജമാഅത്തെ ഇസ്ലാമി നേതാവിന്റെ നിയമനം ഉണ്ടായത്.
കെ.കെ. അഷ്റഫിന്റെ നിയമനമാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. നിയമനത്തിൽ അതൃപ്തിയുള്ള യൂത്ത് ലീഗ് നേതൃത്വം വിഷയം മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തുടർന്ന് വിഷയത്തിൽ ചർച്ച നടത്തി പരിഹാരം കാണാമെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു.
