Home Businessപെട്രോൾ വില വർദ്ധിക്കുമോ? രാജ്യം കടുത്ത ആശങ്കയിൽ; എൽപിജി കരിഞ്ചന്ത തടയാൻ കേന്ദ്രത്തിന്റെ കർശന നടപടി

പെട്രോൾ വില വർദ്ധിക്കുമോ? രാജ്യം കടുത്ത ആശങ്കയിൽ; എൽപിജി കരിഞ്ചന്ത തടയാൻ കേന്ദ്രത്തിന്റെ കർശന നടപടി

by news_desk
0 comments

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ രാജ്യത്ത് ഇന്ധനവില വർദ്ധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. പ്രീമിയം പെട്രോളിന് ലിറ്ററിന് 2.35 രൂപ വരെയും, വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ വാങ്ങുന്ന ഇൻഡസ്ട്രിയൽ ഡീസലിന് ലിറ്ററിന് 22 രൂപയോളവും വില വർദ്ധിച്ചതാണ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷം വരും ദിവസങ്ങളിലും തുടരുകയാണെങ്കിൽ സാധാരണ പെട്രോൾ, ഡീസൽ വിലയിലും പ്രതിഫലിക്കുമെന്നാണ് സൂചന. ഇന്ധന പ്രതിസന്ധി മുന്നിൽക്കണ്ട് എൽപിജി വിതരണത്തിലെ ക്രമക്കേടുകളും കരിഞ്ചന്തയും തടയാൻ കേന്ദ്ര സർക്കാർ നടപടികൾ കടുപ്പിച്ചു.

എണ്ണ, എൽപിജി, പ്രകൃതിവാതകം എന്നിവയുടെ ഉത്പാദനം, ഇറക്കുമതി, സ്റ്റോക്ക് നില എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ എല്ലാ ദിവസവും കൈമാറണമെന്ന് ഗ്യാസ് വിതരണക്കാർക്കും പൈപ്പ് ലൈൻ ഓപ്പറേറ്റർമാർക്കും സർക്കാർ കർശന നിർദ്ദേശം നൽകി. പശ്ചിമേഷ്യയിലെ ഊർജ്ജ മേഖലയിലുണ്ടായ ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കാനഡ, ഓസ്‌ട്രേലിയ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി. അതേസമയം, ഇന്ത്യയുടെ രണ്ട് പ്രധാന എൽപിജി ടാങ്കറുകളായ ‘പൈൻ ഗ്യാസ്’, ‘ജഗ് വസന്ത്’ എന്നിവ ഹോർമുസ് കടലിടുക്ക് കടക്കാൻ തയ്യാറെടുക്കുകയാണെന്നും ഇന്ധനലഭ്യത ഉറപ്പാക്കാൻ നയതന്ത്ര തലത്തിൽ നീക്കങ്ങൾ സജീവമാണെന്നും റിപ്പോർട്ടുകളുണ്ട്.

You may also like