Home Kerala‘സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയെ നിർദ്ദേശിക്കും’; മനസ് തുറന്ന് കെ. സുധാകരൻ

‘സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയെ നിർദ്ദേശിക്കും’; മനസ് തുറന്ന് കെ. സുധാകരൻ

by news_desk
0 comments

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് കെ. സുധാകരൻ. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഇനി താനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചാരണത്തിനായി താൻ ഇറങ്ങുമെന്നും എന്നാൽ സജീവ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനി മടങ്ങിവരാൻ താല്പര്യമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മകൻ ഇടപെട്ടുവെന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.ഒ. മോഹനനുമായി തനിക്ക് യാതൊരു തർക്കവുമില്ല. താൻ മത്സരിക്കുന്നില്ലെങ്കിൽ പകരം മോഹനനെ പരിഗണിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു, പാർട്ടി ആ വാക്ക് പാലിച്ചതിൽ സന്തോഷമേയുള്ളൂ. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്. താൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

You may also like