കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. താൻ ഒരു പാവയാകാൻ തയ്യാറല്ലെന്ന് വീണ്ടും ആവർത്തിച്ച ശ്വേത, കഴിഞ്ഞ വർഷത്തെ ‘അമ്മ’ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നുവെന്ന് ആരോപിച്ചു.
വ്യക്തിഹത്യയ്ക്ക് ശ്രമം നടന്നുവെന്നും മുൻ ഭരണസമിതിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾ പോലും അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നും ശ്വേത പറഞ്ഞു. ചില സ്വാർത്ഥ താത്പര്യക്കാർ അതിൽ ഇടപെട്ടതായും അവർ ആരോപിച്ചു.
‘അമ്മ’യിലെ വരവ്-ചെലവ് കണക്കുകളിൽ വ്യാപക ക്രമക്കേടുകൾ ഉണ്ടെന്ന ഗുരുതര ആരോപണവും ശ്വേത ഉയർത്തി. കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും സാമ്പത്തിക കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും, സ്വതന്ത്രവും ശാസ്ത്രീയവുമായ ഓഡിറ്റിംഗ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
മുൻകാല സാമ്പത്തിക കണക്കുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ താൻ രാജിവെച്ച ശേഷവും നിലനിൽക്കുന്നുണ്ടെന്ന് ശ്വേത വ്യക്തമാക്കി. അതേസമയം, താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും അവർ പറഞ്ഞു.
“ഞാൻ ബിജെപിയും അല്ല, കമ്മ്യൂണിസ്റ്റും അല്ല. ബിജെപി സർക്കാരിന്റെയോ മുൻ എൽഡിഎഫ് സർക്കാരിന്റെയോ ഒരു പരിപാടിയിലും ഞാൻ പങ്കെടുത്തിട്ടില്ല,” എന്ന് ശ്വേത പറഞ്ഞു.
കൂടുതൽ വെളിപ്പെടുത്തലുകൾ വരാനുണ്ടെന്ന സൂചനയും അവർ നൽകി. “പിക്ചർ അബി ബാക്കി ഹേ… ബാക്കി കാര്യങ്ങൾ 26-ന് മാധ്യമങ്ങളെ കാണുമ്പോൾ പറയാം,” എന്നായിരുന്നു ശ്വേത മേനോന്റെ പ്രതികരണം.
‘അമ്മ’യിലെ വിവാദങ്ങൾക്കിടെ ശ്വേതയുടെ ഈ പ്രതികരണം സംഘടനയ്ക്കുള്ളിലെ ചർച്ചകൾക്ക് കൂടുതൽ ശക്തി പകരുന്നതായാണ് വിലയിരുത്തൽ.

