Home Keralaസവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം; പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം; പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: കാസർകോട് സ്കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യവും ഉത്തരവും ഉൾപ്പെടുത്തിയ സംഭവം വിവാദമായതിനെ തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. സംഭവത്തിൽ നേരത്തെ കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, കാസർകോട്, കുമ്പള, മഞ്ചേശ്വരം എഇഒമാരോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരുന്നു.

വി ഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യവും ഉത്തരവും ചോദ്യാവലിയിൽ എങ്ങനെ ഉൾപ്പെട്ടുവെന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ ചുമതലയുള്ള അധ്യാപകരാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നാണ് വിശദീകരണം.

മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. ‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് ഉത്തരമായി വി ഡി സവർക്കറുടെ പേര് നൽകിയിരുന്നു.

എൽപി വിദ്യാർത്ഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചരിത്രവിരുദ്ധമായ ചോദ്യം ഉൾപ്പെട്ടതെന്നാണ് ആരോപണം. മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ടൈബ്രേക്കർ ചോദ്യമായാണ് സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയിരുന്നത്.

ചോദ്യാവലി തയ്യാറാക്കുന്നതിന് ഉപജില്ലകളിൽ പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് നേരത്തെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിരുന്നു.

You may also like